
പത്തനംതിട്ട: മുതിര്‍ന്ന പൗരന്മാര്‍ക്ക് കരുതലും കൈത്താങ്ങുമായി കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ ഭാരതീയ സ്റ്റേറ്റ് ബാങ്ക് (എസ്ബിഐ) സമ്പാദ്യപദ്ധതി. സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീമില്‍ (എസ്‌സിഎസ്എസ്) അംഗമാകുന്ന 80 വയസ് കഴിഞ്ഞവര്‍ക്ക് എസ്ബിഐയില്‍ പ്രത്യേക പരിഗണന ലഭിക്കും.
പലിശയിലും സേവനത്തിലും വലിയ ആനുകൂല്യങ്ങളാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് (സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സ്) വേണ്ടി നടപ്പിലാക്കുന്നത്. കേന്ദ്ര പദ്ധതിയായ ഇതില്‍ അംഗമാകുന്നവര്‍ക്ക് എസ്ബിഐ 8.2 ശതമാനം പലിശയാണ് നല്‍കുക. സാധാരണ മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ 0.10 ശതമാനം വരെ അധിക പലിശ ഇവര്‍ക്ക് ലഭിക്കും.
അഞ്ച് ലക്ഷം രൂപ അഞ്ച് വര്‍ഷത്തെ സ്ഥിര നിക്ഷേപം ഇട്ടാല്‍ കാലാവധി തീരുമ്പോള്‍ 2,05,000 രൂപ പലിശ ലഭിക്കും. ഇത് ഏറെ സുരക്ഷിതവും ലാഭകരവുമാണ്. ഇന്‍ഷുറന്‍സ് പരിരക്ഷയും ഈ നിക്ഷേപത്തിനുണ്ട്. 1000 രൂപ മുതല്‍ 30 ലക്ഷം രൂപ വരെ ഇത്തരത്തില്‍ നിക്ഷേപിക്കാം. ഒന്നിലധികം പേരെ നോമിനികളാക്കാം. ഇവരില്‍ ആരെ വേണമെങ്കിലും മാറ്റി പുതിയ ആളെ ചേര്‍ക്കുകയും ചെയ്യാവുന്നതാണ്.
പ്രായാധിക്യത്താല്‍ ബാങ്ക് ശാഖയിലേക്ക് എത്താന്‍ കഴിയാത്തവര്‍ക്കായി വീട്ടുപടിക്കല്‍ എസ്ബിഐ സേവനം (ഡോര്‍ സ്റ്റെപ്പ് ബാങ്കിങ്) എത്തിക്കുന്നുമുണ്ട്. 70 വയസ് കഴിഞ്ഞവര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെങ്കിലും 80 കഴിഞ്ഞവര്‍ക്കാണ് മുന്‍ഗണന. പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും ഒപ്പം പെന്‍ഷന്‍കാര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനും ഈ സേവനം ഉപയോഗപ്പെടുത്താം. വീഡിയോ കെവൈസി സൗകര്യവും ബാങ്ക് ഒരുക്കിയിട്ടുണ്ട്.