കൊച്ചി ; പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനെ ചോദ്യം ചെയ്യാൻ ഇഡി. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശിച്ച് പിണറായിയ്ക്ക് നോട്ടിസ് നൽകി. ഇ.ഡി നോട്ടിസ് നൽകിയതോടെ ഒരേസമയം, കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ അന്വേഷണം പിണറായിക്ക് നേരിടേണ്ടിവരും.
പിണറായിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പിണറായി വിജയൻ അടക്കമുള്ളവർ നൽകിയ ഹർജികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതോടെ, സിഎംആർഎൽ – എക്സാലോജിക് പണമിടപാടിൽ വിജിലൻസ് അന്വേഷണം മുന്നോട്ട് പോകുകയാണ്.
അതേസമയം 82കാരനായ പിണറായി വിജയനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ സിദ്ധാര്ത്ഥി ലൂത്ര സുപ്രീംകോടതിയിൽ പറഞ്ഞു. ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയൻ നൽകിയ അപ്പീലിൽ അടിയന്തരവാദം കേൾക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവെയാണ് അഭിഭാഷകൻ ഇക്കാര്യം പറഞ്ഞത്. ദസറ അവധിക്കാലത്ത് പ്രത്യേക ബെഞ്ച് രൂപീകരിക്കുന്നത് പരിശോധിക്കാമെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ്, ഇതിന് കഴിഞ്ഞില്ലെങ്കിൽ ഈ മാസം 26ന് കേസ് കേൾക്കാമെന്ന് അറിയിച്ചു.