
ന്യൂദല്‍ഹി: ഇന്ത്യയുടെ പ്രതിരോധഗവേഷണ കേന്ദ്രം നിര്‍മ്മിച്ച പുതിയ ഹൈപ്പര്‍സോണിക് മിസൈല്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ചൈന. പിന്നെ പാകിസ്ഥാന്റെ കാര്യം പറയേണ്ടതില്ലല്ലോ.
ഭൂമിയുടെ പ്രതലത്തിലൂടെ തൊട്ടു തൊട്ടില്ല എന്ന രീതിയില്‍ ഇത്രയും ഹൈപ്പര്‍ സോണിക് വേഗതയില്‍ (ശബ്ദത്തേക്കാള്‍ പത്ത് മടങ്ങ് വേഗം) കുതിക്കുന്നതിനാല്‍ റഡാറുകള്‍ക്ക് കണ്ടുപിടിക്കാനേ കഴിയില്ല. ഒരു വെള്ളത്തിന് മുകളിലൂടെ തെന്നിത്തെന്നി ഒരു കല്ല് പോകുന്നതുപോലെയാണ് ഭൂനിരപ്പിനോട് ചേര്‍ന്ന് ഈ ഹൈപ്പര്‍സോണിക് മിസൈല്‍ പോവുക. അതിനാല്‍ ചൈനയുടെ എച്ച് ക്യു വ്യോമപ്രതിരോധസംവിധാനത്തിലെ റഡാറിനോ, അമേരിക്കയുടെ എയ്ജിസ് സംവിധാനത്തിലെ റഡാറിനോ ഈ ഹൈപ്പര്‍സോണിക് മിസൈലിനെ തൊടാന്‍ കഴിയില്ല.
1500 കിലോമീറ്റര്‍ അകലെയുള്ള 900 കോടി രൂപ വരെ വിലയുള്ള വിമാനവാഹിനിക്കപ്പലുകളെ വരെ ഇതിന് തകര്‍ക്കാന്‍ സാധിക്കും. 12 ടണ്ണാണ് ഈ മിസൈലിന്റെ ഭാരം.
ഈ ലോംഗ് റേഞ്ച് ആന്‍റി ഷിപ്പ് മിസൈലിനാകട്ടെ മണിക്കൂറില്‍ 12,000 കിലോമീറ്റര്‍ വരെ വേഗതയുണ്ട്. അതായത് ബ്രഹ്മോസിനേക്കാള്‍ മൂന്നര ഇരട്ടിയലധികം വേഗതയില്‍ കുതിക്കുമെന്നര്‍ത്ഥം.
ബ്രഹ്മോസിനെ തന്നെ അടയാളപ്പെടുത്തുന്നതില്‍ പാകിസ്ഥാന്‍ ചൈനയില്‍ നിന്നും വാങ്ങിയ വൈഎല്‍സി 8ഇ, വൈഎല്‍സി 2 എന്നീ റഡാര്‍ സംവിധാനങ്ങള്‍ പരാജയമായിരുന്നു. അതുപോലെ ബ്രഹ്മോസിനെ അടിച്ചിടാന്‍ എച്ച് ക്യു 9 പി, എച്ച് ക്യു 16 എഫ് ഇ എന്നീ ചൈനയുടെ വ്യോമപ്രതിരോധസംവിധാനങ്ങള്‍ക്കും ആയില്ല. അപ്പോള്‍ പിന്നെ കപ്പല്‍ വേധ ഹൈപ്പര്‍സോണിക് മിസൈലിന്റെ കാര്യം പറയേണ്ടല്ലോ.