ആലപ്പുഴ: ശാരീരിക അവശതകളും ഓര്‍മ്മക്കുറവുമുണ്ടായിരുന്ന അമ്മയെ ചവിട്ടിയും തൊഴിച്ചും കൊലപ്പെടുത്തിയ കേസില്‍ മകനു ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. ചേര്‍ത്തല താലൂക്കില്‍ കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാര്‍ഡില്‍ നിവര്‍ത്തില്‍ വീട്ടില്‍ സുകുമാരന്റെ മകന്‍ സന്തോഷിനെ(48)യാണ് ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ്. ഭാരതി ശിക്ഷിച്ചത്.
എഴുപത്തിയഞ്ചുകാരിയായ കല്യാണിയാണു കൊല്ലപ്പെട്ടത്. 2019 മാര്‍ച്ച് 31നായിരുന്നു സംഭവം. തന്റെ ജീവിതത്തിനു ശാരീരിക അവശതകളും ഓര്‍മ്മക്കുറവുമുണ്ടായിരുന്ന അമ്മ കല്യാണി തടസമാണെന്നു കണ്ട് മറ്റാരും വീട്ടിലില്ലാതിരുന്ന സമയത്തു കൊലപ്പെടുത്തിയെന്നാണു കേസ്.
സംഭവശേഷം സന്തോഷ് തന്നെ കല്യാണിയെ ആശുപത്രിയിലെത്തിച്ചു. പിന്നീട് സ്വാഭാവിക മരണമാണെന്നു പോലീസില്‍ മൊഴികൊടുക്കുകയും ചെയ്തു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ വാരിയെല്ലുകളും ഇടുപ്പെല്ലുകളും പൊട്ടിയതായും ഗര്‍ഭപാത്രത്തിനും മറ്റും മുറിവുകള്‍ സംഭവിച്ച് അമിത രക്തസ്രാവമുണ്ടായെന്നും ഇതാണു മരണകാരണമെന്നും വ്യക്തമായി.
തുടര്‍ന്നു പട്ടണക്കാട് എസ്്.ഐ. അമൃത് രംഗന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണു കൊലപാതകമാണെന്നു തെളിഞ്ഞത്. കേസിലെ പ്രധാന സാക്ഷിയായിരുന്ന പ്രതിയുടെ സഹോദരിയും കല്യാണിയുടെ മകളുമായ സുധര്‍മ്മയും അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സഹായിച്ച സുഹൃത്തും സാക്ഷിവിസ്താരസമയം കൂറു മാറിയിരുന്നു. എന്നാല്‍ അയല്‍വാസികളുടെ മൊഴിയും സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും നിര്‍ണായകമായി. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എസ്.എ. ശ്രീമോന്‍, അഭിഭാഷകരായ നാരായണന്‍ ജി, അശോക് നായര്‍, ദീപ്തി കേശവ് എന്നിവര്‍ ഹാജരായി.