കൊല്ലം കരുനാഗപ്പള്ളിയില്‍ 20 വയസുകാരിയെ കാണാതായ സംഭവത്തില്‍ എ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കും. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ചൈത്ര തെരേസ ജോണിന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രത്യേക സംഘത്തിനെ നിയോഗിച്ചത്.
കരുനാഗപ്പള്ളി ആലപ്പാട് സ്വദേശിനി ഐശ്വര്യയെയാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച കാണാതാവുന്നത്. രാവിലെ വീട്ടില്‍ നിന്നും പുറത്തേക്ക്പോയ ഐശ്വര്യ പിന്നീട് തിരിച്ചുവന്നില്ല. അന്നേ ദിവസം 11 മണി മുതല്‍ ഐശ്വര്യയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന് കുടുംബം പറയുന്നു. ഓണ്‍ലൈനായി എന്‍ട്രന്‍സ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുപ്പ് നടത്തുകയായിരുന്ന ഐശ്വര്യ മറ്റുള്ളവരോട് അടുത്ത് ഇടപഴകാറില്ലെന്ന് വീട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ വീട്ടുകാരുടെ പരാതിയില്‍ കരുനാഗപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രധാനമായും ഐശ്വര്യയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ടവര്‍ ലൊക്കേഷനില്‍ കുട്ടി എറണാകുളം വരെ എത്തിയതായി വ്യക്തമാണ്.