
സ്വര്‍ണ്ണമാല കവര്‍ച്ചയ്ക്കിടെയുണ്ടായ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്ക് 11 വര്‍ഷം തടവ്. തേവന്നൂര്‍ സ്വദേശിനി പാറുക്കുട്ടിയമ്മ കൊല്ലപ്പെട്ട കേസിലാണ് തിരുവനന്തപുരം വെട്ടുതുറ സ്വദേശി ജ്യോതിഷി, തൃശ്ശൂര്‍ മിന്നല്ലൂര്‍ സ്വദേശി അജീഷ് എന്നിവരെ കൊട്ടാരക്കര അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
2018 ആഗസ്റ്റ് 28നായിരുന്നു കേസിനാസ്പദമായ സംഭവം. തേവന്നൂര്‍ കവലക്കപ്പച്ചയില്‍ വെച്ചാണ് 90 കാരിയായ പാറുക്കുട്ടിയമ്മയെ ജ്യോതിഷിയും അജീഷും ചേര്‍ന്ന് ആക്രമിച്ചത്. പാറുക്കുട്ടിയമ്മയുട കഴുത്തില്‍ കിടന്ന 2.5 പവന്‍ തൂക്കമുള്ള മാല പ്രതികള്‍ പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച പാറുക്കുട്ടിയമ്മയെ ചവിട്ടി തറയിലിട്ട ശേഷം മാല പൊട്ടിച്ച് പ്രതികള്‍ കടന്നു കളഞ്ഞു. ചവിട്ടേറ്റ പാറുക്കുട്ടിയമ്മ ചികിത്സയില്‍ കഴിയവെ മരിച്ചു.
ചടയമംഗലം പൊലീസ് നടത്തിയ അന്വഷണത്തില്‍ പ്രതികള്‍ തമിഴ്‌നാട്ടില്‍ നിന്നും പിടിയിലായി. ജാമ്യത്തിലിറങ്ങി കടന്നുകളഞ്ഞ പ്രതികളെ വീണ്ടും പൊലീസ് വിദഗ്ധമായി പിടികൂടി. തെളിവെടുപ്പില്‍ സ്വര്‍ണ്ണവും ബൈക്കും കണ്ടെത്തി. 26 സാക്ഷികളെ വിസ്തരിച്ച കേസ്സില്‍ CCTV ദൃശ്യങ്ങള്‍ നിര്‍ണ്ണായകമായി.