എ.ഡി.എമ്മിനെ അപമാനിക്കാന്‍ ദിവ്യ നടത്തിയത് ആസൂത്രിതനീക്കമാണ്. ക്ഷണമില്ലാതിരുന്നിട്ടും ദിവ്യ യാത്രയയപ്പ് യോഗത്തിലെത്തിയത് അതിന്റെ ഭാഗമായാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കണ്ണൂര്‍: എ.ഡി.എം: കെ. നവീന്‍ ബാബുവിന്റ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രത്യേകാന്വേഷണസംഘം കണ്ണൂര്‍ ഫസ്‌റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സി.പി.എം. നേതാവും കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യയെ മാത്രം പ്രതിചേര്‍ത്താണു കുറ്റപത്രം.
യാത്രയയപ്പ് യോഗത്തില്‍ ദിവ്യ നടത്തിയ അധിക്ഷേപമാണു നവീന്‍ ജീവനൊടുക്കാന്‍ കാരണമെന്നു കുറ്റപത്രത്തില്‍ പറയുന്നു. ചടങ്ങിന്റെ വീഡിയോ ചിത്രീകരിക്കാന്‍ പ്രാദേശിക ചാനലിനെ ഏര്‍പ്പാടാക്കിയതു ദിവ്യയാണ്. അധിക്ഷേപപ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സ്വന്തം ഫോണില്‍നിന്ന് ദിവ്യ പ്രചരിപ്പിച്ചു. നവീന്‍ ബാബുവിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. കൊലപാതകമെന്നു കരുതാവുന്നതൊന്നും ശാസ്‌ത്രീയപരിശോധനയില്‍ കണ്ടെത്താനായില്ലെന്നും അന്വേഷണസംഘം വ്യക്‌തമാക്കി.
നവീന്‍ ബാബുവിന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 82 പേരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. സംഭവം നടന്ന് അഞ്ചുമാസത്തിനു ശേഷമാണ് ഇന്നലെ കുറ്റപത്രം സമര്‍പ്പിച്ചത്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിനു തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നു നൂറിലേറെ പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു. നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരവാദി ദിവ്യയാണെന്ന ആരോപണത്തിന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോര്‍ട്ടും അടിവരയിടുന്നു. പെട്രോള്‍ പമ്പ് അനുമതിക്കു നവീന്‍ കൈക്കൂലി വാങ്ങിയതിനോ ചോദിച്ചതിനോ തെളിവില്ല. എ.ഡി.എമ്മിനെ അപമാനിക്കാന്‍ ദിവ്യ ആസൂത്രിതശ്രമം നടത്തിയെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ശ്രീകണ്‌ഠാപുരം ചെങ്ങളായിയില്‍ ടി.വി. പ്രശാന്തന് പെട്രോള്‍ പമ്പ് തുടങ്ങാന്‍ എന്‍.ഒ.സി. നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ദിവ്യയുടെ വിവാദപരാമര്‍ശങ്ങള്‍. എന്നാല്‍, നവീനെതിരേ പ്രശാന്തന്റെ ആരോപണം സംബന്ധിച്ച് കുറ്റപത്രത്തില്‍ പരാമര്‍ശമില്ല. എ.ഡി.എമ്മിനെ അപമാനിക്കാന്‍ ദിവ്യ നടത്തിയത് ആസൂത്രിതനീക്കമാണ്. ക്ഷണമില്ലാതിരുന്നിട്ടും ദിവ്യ യാത്രയയപ്പ് യോഗത്തിലെത്തിയത് അതിന്റെ ഭാഗമായാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ കഴിഞ്ഞ ഒക്‌ടോബറിലാണു നവീനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. വിരമിക്കാന്‍ ഏഴുമാസം ശേഷിക്കേ, ജന്മനാടായ പത്തനംതിട്ടയിലേക്ക് സ്‌ഥലംമാറ്റം കിട്ടിയതിന്റെ യാത്രയയപ്പ് ചടങ്ങ് തലേന്ന് ജില്ലാ കലക്‌ടറുടെ സാന്നിധ്യത്തില്‍ നടന്നിരുന്നു. അന്ന് കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന ദിവ്യ ചടങ്ങിനിടെ കടന്നുവന്ന് നവീനെ ആക്ഷേപിച്ച് പ്രസംഗിച്ചു. തൊട്ടടുത്ത ദിവസം രാവിലെ നവീനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതാണ് കേസിന് ആസ്‌പദമായ സംഭവം.