• Sat. Oct 19th, 2024

24×7 Live News

Apdin News

‘All well-intentioned!’ Dead but not released, re-accusation | ‘എല്ലാം സദുദ്ദേശ്യപരം!’ മരിച്ചിട്ടും വിടാതെ, വീണ്ടും ആക്ഷേപം

Byadmin

Oct 19, 2024


uploads/news/2024/10/741556/naveen-babu.jpg

തലശ്ശേരി: യാത്രയയപ്പ് യോഗത്തിലെ അധിക്ഷേപത്തേത്തുടര്‍ന്ന് ആത്മഹത്യചെയ്ത അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് കെ. നവീന്‍ ബാബുവിനെതിരേ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ അധ്യക്ഷ പി.പി. ദിവ്യയുടെ മുന്‍കൂര്‍ജാമ്യഹര്‍ജി.

പെട്രോള്‍ പമ്പിനു നിരാക്ഷേപപത്രം (എന്‍.ഒ.സി) ലഭിക്കാന്‍ നവീന്‍ ബാബുവിനു കൈക്കൂലി കൊടുത്തതായി അപേക്ഷകന്‍ ടി.പി. പ്രശാന്തന്‍ തന്നോടു പറഞ്ഞിരുന്നതായി ദിവ്യ ജാമ്യഹര്‍ജിയില്‍ ആരോപിച്ചു. ക്ഷണമില്ലാതെയാണ് എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ താന്‍ പങ്കെടുത്തതെന്ന ആരോപണം തെറ്റാണെന്നും തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ജാമ്യ ഹര്‍ജിയില്‍ ദിവ്യ വ്യക്തമാക്കി.

കഴിഞ്ഞ 14-നു രാവിലെ 10-ന് ജില്ലാപഞ്ചായത്ത് ആസൂത്രണസമിതി ഹാളില്‍ നടന്ന സാമൂഹികപക്ഷാചാരണപരിപാടിക്കിടെ ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയനാണ് തന്നെ യാത്രയയപ്പ് ചടങ്ങിലേക്കു ക്ഷണിച്ചത്. ചടങ്ങിനെത്തിയപ്പോള്‍ ഡെപ്യൂട്ടി കലക്ടര്‍ ശ്രുതിയാണു സംസാരിക്കാന്‍ ക്ഷണിച്ചത്. യോഗത്തില്‍ താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ സദുദ്ദേശ്യപരമായിരുന്നു.

ഫയലുകളില്‍ തീരുമാനമെടുക്കാന്‍ വൈകുന്നുവെന്ന പരാതി എ.ഡി.എമ്മിനെതിരേ ഉണ്ടായിരുന്നു. പ്രശാന്തന്‍ മാത്രമല്ല, ഗംഗാധരന്‍ എന്നയാളും തന്നോട് പരാതിപ്പെട്ടിട്ടുണ്ട്. ഫയല്‍ നീക്കം വേഗത്തിലാക്കണമെന്നു ചൂണ്ടിക്കാട്ടുകയാണു ചെയ്തത്. ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധിയെന്ന നിലയിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. അന്വേഷണത്തോടു പൂര്‍ണമായി സഹകരിക്കും.

പ്രായമായ മാതാപിതാക്കളും ഭര്‍ത്താവും മകളുമുണ്ട്. അതിനാല്‍ മുന്‍കൂര്‍ജാമ്യം അനുവദിക്കണമെന്നു പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് മുമ്പാകെ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ദിവ്യ അപേക്ഷിച്ചു. അഡ്വ. കെ. വിശ്വന്‍ മുഖേനയാണു ജാമ്യഹര്‍ജി. യാത്രയയപ്പ് യോഗത്തില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയും ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ചു.



By admin