• Wed. Apr 30th, 2025

24×7 Live News

Apdin News

Army will have complete freedom, decide on the method, timing and target of attack: Prime Minister | പഹല്‍ഗാം തിരിച്ചടി: സേനയ്‌ക്ക് സര്‍വസ്വാതന്ത്ര്യം, ആക്രമണരീ​തി​യും സ​മ​യ​വും ലക്ഷ്യവും സേ​ന തീരുമാനിക്കും: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി

Byadmin

Apr 30, 2025


ആക്രമണത്തിനു പ്രതിക്കൂട്ടിലായ പാകിസ്‌താനെതിരേ സ്വീകരിച്ച നയതന്ത്ര നടപടികള്‍ക്കു പിന്നാലെയാണ്‌ സൈനികതിരിച്ചടി വൈകില്ലെന്ന സന്ദേശം പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലുണ്ടായത്‌.

uploads/news/2025/04/778431/modi-meeting.jpg

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്‌ ഉചിതമായ തിരിച്ചടിക്ക്‌ സേനകള്‍ക്കു സര്‍വസ്വാതന്ത്ര്യം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആക്രമണത്തിനു പ്രതിക്കൂട്ടിലായ പാകിസ്‌താനെതിരേ സ്വീകരിച്ച നയതന്ത്ര നടപടികള്‍ക്കു പിന്നാലെയാണ്‌ സൈനികതിരിച്ചടി വൈകില്ലെന്ന സന്ദേശം പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലുണ്ടായത്‌.

ശത്രുനിരയ്‌ക്ക് ഉചിതമായ തിരിച്ചടി നല്‍കാന്‍ സേനകള്‍ക്കു പൂര്‍ണസ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നു പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു. ആക്രമണലക്ഷ്യങ്ങള്‍, രീതി, സമയം എന്നിവ സേനയ്‌ക്കു നിശ്‌ചയിക്കാം. രാജ്യത്തിന്റെ സൈനികശേഷിയിലും കരുത്തിലും ക്ഷമതയിലും പൂര്‍ണ വിശ്വാസമുണ്ട്‌. ഭീകരതയെ തച്ചുടയ്‌ക്കുകയെന്ന ദൃഢനിശ്‌ചയമാണു രാജ്യഹിതമെന്നു മോദി ആവര്‍ത്തിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്‌, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത്‌ ദോവല്‍, സംയുക്‌തസേനാ മേധാവി അനില്‍ ചൗഹാന്‍ എന്നിവര്‍ക്കൊപ്പം കര, വ്യോമ, നാവിക സേനാ മേധാവിമാരും പ്രധാനമന്ത്രിക്കൊപ്പം യോഗത്തില്‍ സംബന്ധിച്ചു.

ഇതിനുമുന്നോടിയായി സംയുക്‌ത സേനാ മേധാവി അനില്‍ ചൗഹാനുമായി കൂടിക്കാഴ്‌ച നടത്തിയതിനുശേഷം പ്രധാനമന്ത്രിയുടെ വസതിയിലെത്തി പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്ങും ആശയവിനിമയം നടത്തിയിരുന്നു.

പഹല്‍ഗാം ആക്രമണത്തിനു ചുട്ടസൈനിക മറുപടിക്കു പ്രധാനമന്ത്രിയുടെ പച്ചക്കൊടിയാണ്‌ ഉന്നതതലയോഗത്തില്‍ ഉയര്‍ന്നതെന്നു വിലയിരുത്തപ്പെടുന്നു. യോഗം അവസാനിച്ചതിനുപിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായും ആര്‍.എസ്‌.എസ്‌. മേധാവി മോഹന്‍ ഭാഗവതും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതും തിരിച്ചടി വൈകില്ലെന്നതിലേക്കു വിരല്‍ചൂണ്ടുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ബി.എസ്‌.എഫ്‌, സി.ആര്‍.പി.എഫ്‌, എന്‍.എസ്‌.ജി. സുരക്ഷാമേധാവികളുടെ ഉന്നതതലയോഗം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചതും അഭ്യൂഹത്തിന്‌ കാരണമായി.
26 പേരുടെ മരണത്തിനിടയാക്കി 22-ന്‌ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിനുശേഷം ഇതാദ്യമായി കേന്ദ്രമന്ത്രിസഭ ഇന്ന്‌ യോഗം ചേരുന്നതും തിരിച്ചടി അകലെയല്ലെന്ന സൂചനയാണു നല്‍കുന്നത്‌. രാവിലെ 11 ന്‌ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ്‌ യോഗം.അതിനിടെ പാകിസ്‌താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ എക്‌സ് അക്കൗണ്ട്‌ കേന്ദ്രസര്‍ക്കാര്‍ ബ്ലോക്ക്‌ ചെയ്‌തു. പ്രകോപനപരവും വര്‍ഗീയമായി ചേരിതിരിവ്‌ സൃഷ്‌ടിക്കുന്നതുമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന്‌ 63 ദശലക്ഷം സബ്‌സ്ക്രൈബര്‍മാരുള്ള 16 പാകിസ്‌താന്‍ യൂട്യൂബ്‌ ചാനലുകള്‍ ഇന്ത്യയില്‍ നിരോധിച്ചതിനു പിന്നാലെയാണിത്‌.

ആക്രമണത്തിനുശേഷം നിയന്ത്രണരേഖയില്‍ പാകിസ്‌താന്‍ തുടരെ വെടിനിര്‍ത്തല്‍കരാര്‍ ലംഘിക്കുന്നത്‌ ഗൗരവത്തോടെയാണ്‌ ഇന്ത്യ വീക്ഷിക്കുന്നത്‌. കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ രാത്രിയില്‍ കുപ്‌വാര, ബാരാമുള്ള, അഖ്‌നൂറിന്‌ എതിര്‍വശത്തുള്ള പ്രദേശങ്ങളില്‍ പാക്‌ സൈന്യം പ്രകോപനമില്ലാതെ ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ച്‌ വെടിവയ്‌പ് നടത്തി. ഇന്ത്യന്‍ സൈന്യം തിരിച്ചടിയും നല്‍കുന്നുണ്ട്‌.

അതിനിടെ, ജമ്മുവിലെ പുരാതന ആപ്‌ ശംഭു ക്ഷേത്ര സമുച്ചയത്തിലും സമീപ പ്രദേശങ്ങളിലും ഇന്നലെ എന്‍.എസ്‌.ജിയും പോലീസും മോക്ക്‌ ഡ്രില്‍ നടത്തി. സുരക്ഷാ ഉപകരണങ്ങളുടെയും ആളില്ലാ നിരീക്ഷണ സംവിധാനങ്ങളുടെയും പിന്തുണയോടെ സുരക്ഷ മെച്ചപ്പെടുത്താനും പൊതുജനങ്ങളെ സുരക്ഷിതരാക്കാനും ലക്ഷ്യമിട്ടാണ്‌ ഈ അഭ്യാസം. ആക്രമണത്തിന്റെ പശ്‌ചാത്തലത്തില്‍, പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും പ്രത്യേക സമ്മേളനം വിളിക്കണമെന്ന്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ലോക്‌സഭാ പ്രതിപക്ഷനേതാവ്‌ രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രിക്ക്‌ കത്തെഴുതി. പ്രതിപക്ഷം സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നു മുന്‍ ഛത്തീസ്‌ഗഡ്‌ മുഖ്യമന്ത്രി ഭൂപേഷ്‌ ബാഗേല്‍ പറഞ്ഞു.

അതേസമയം, ഇന്ത്യന്‍ നീക്കങ്ങള്‍ അറിയാന്‍ കൂടുതല്‍ യൂണിറ്റുകളെ പാകിസ്‌താന്‍ സേന നിയോഗിച്ചുതുടങ്ങി. പാകിസ്‌താന്‍ ആര്‍മി ആര്‍ട്ടിലറി റെജിമെന്റ്‌ സിയാല്‍കോട്ടില്‍നിന്നു ഷക്കര്‍ഗഡിലേക്കു മാറി. നിയന്ത്രണരേഖയ്‌ക്കു സമീപത്തേക്ക്‌ ആര്‍ട്ടിലറി റെജിമെന്റുകള്‍ ഉള്‍പ്പെടെയുള്ള പീരങ്കികള്‍ നീക്കുന്നുണ്ട്‌. ലാഹോറിന്‌ സമീപമാണ്‌ ഈ നീക്കം. സിന്ധു നദീജലം പങ്കിടല്‍ കരാര്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനെതിരേ രാജ്യാന്തര നിയമനടപടിക്ക്‌ തയാറെടുക്കുകയാണെന്ന്‌ പാക്‌ നിയമ-നീതി സഹമന്ത്രി അഖീല്‍ മാലിക്‌ വെളിപ്പെടുത്തി.



By admin