
ന്യൂഡല്‍ഹി: ആശ വര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രിയുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി വീണാജോര്‍ജ്ജ്. ജെപി. നദ്ദയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശാവര്‍ക്കര്‍മാരുടെ സമരം കൂടുതല്‍ ശക്തമായ സ്ഥിതിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് സംസ്ഥാന ആരോഗ്യമന്ത്രി ഡല്‍ഹിയിലേക്ക് നാളെ തിരിക്കുന്നത്.
സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാരെ ഇന്നലെ ഉച്ചയ്ക്ക് ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നെങ്കിലും എന്‍എച്ച്എം ഡയറക്ടര്‍ നടത്തിയ ചര്‍ച്ച പരാജയമായിരുന്നു. ആശാവര്‍ക്കര്‍മാര്‍ മുമ്പോട്ട് വെച്ച ഡിമാന്റ് അംഗീകരിക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കിയില്ല. പകരം സമരം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നെന്നായിരുന്നു എന്നാണ് സമരക്കാരുടെ ആക്ഷേപം. ചര്‍ച്ചയ്ക്ക് വിളിച്ചെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ലക്ഷ്യമിട്ടതെന്നും നിരാഹാര സമരത്തിലേക്ക് മാറുമെന്നുമാണ് ആശാവര്‍ക്കര്‍മാര്‍ സര്‍ക്കാരിന് നല്‍കിയിട്ടുള്ള മുന്നറിയിപ്പ്.
ഇന്ന് വൈകിട്ട് ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനവും വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഓണറേറിയം സംസ്ഥാന സര്‍ക്കാരും ഇന്‍സന്റീവ് കേന്ദ്രവുമാണ് നല്‍കുന്നതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ നേരത്തെ നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായി ഓണറേറിയം നല്‍കാനായി ആശമാര്‍ക്ക് സര്‍ക്കാര്‍ മുമ്പോട്ട് വെച്ചിരുന്ന പത്ത് മാനദണ്ഡങ്ങള്‍ പിന്‍വലിച്ചിരുന്നു.
സമരത്തില്‍ നിന്ന് പിന്മാറാന്‍ ആശ വര്‍ക്കര്‍മാര്‍ തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടെങ്കിലും സമരം ശക്തമാക്കുകയാണ് എന്നായിരുന്നു ആശ വര്‍ക്കര്‍മാര്‍ പ്രഖ്യാപിച്ചത്. സമരത്തിനെതിരേ രംഗത്ത് വന്നിരിക്കുന്ന ഇടതു നേതാക്കള്‍ സമരത്തെ അനാവശ്യമെന്ന് പറഞ്ഞ് സമരത്തെ നിരന്തരം ആക്ഷേപിക്കുന്നത് തുടരുകയാണ്. കേന്ദ്രസര്‍ക്കാരിനെതിരേ സമരം നടത്താനുമാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഫെബ്രുവരി പത്താം തീയതി മുതലാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ രാപ്പകല്‍ സമരം ആരംഭിച്ചത്. ഓണറേറിയം വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് ആശ വര്‍ക്കര്‍മാര്‍ ഉന്നയിക്കുന്നത്. ആശ വര്‍ക്കര്‍മാരുമായി സര്‍ക്കാര്‍ പലവിധ ചര്‍ച്ച നടത്തിയെങ്കിലും ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കണമെന്നാണ് ആശ വര്‍ക്കര്‍മാര്‍ അറിയിച്ചത്.