• Sun. Mar 9th, 2025

24×7 Live News

Apdin News

At least 25 people will be removed from the CPM state committee | സി.പി.എം. സംസ്‌ഥാന കമ്മിറ്റിയില്‍നിന്ന്‌ 25 പേരെങ്കിലും ഒഴിവാകും; പുതുമുഖങ്ങള്‍ വരും, മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതു പി.ബിയാണെന്ന് തോമസ്‌ ഐസക്‌

Byadmin

Mar 9, 2025


കഴിഞ്ഞതവണ സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റില്‍നിന്ന്‌ ഒറ്റയടിക്ക്‌ ഏഴുപേരെ മാറ്റി എട്ടുപേരെ പുതുതായി തെരഞ്ഞെടുത്തിരുന്നു. അതേ മാതൃക തുടരാനാണു സാധ്യത.

kerala

കൊല്ലം: ഇന്നു നടക്കുന്ന സി.പി.എം. സംസ്‌ഥാന കമ്മിറ്റി തെരഞ്ഞെടുപ്പില്‍ മാനദണ്ഡവും മറ്റും പരിഗണിച്ച്‌ നിലവിലുള്ള ചിലരെ ഒഴിവാക്കി പുതിയ നേതാക്കള്‍ക്ക്‌ അവസരം നല്‍കാന്‍ സാധ്യത. കഴിഞ്ഞതവണ സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റില്‍നിന്ന്‌ ഒറ്റയടിക്ക്‌ ഏഴുപേരെ മാറ്റി എട്ടുപേരെ പുതുതായി തെരഞ്ഞെടുത്തിരുന്നു. അതേ മാതൃക തുടരാനാണു സാധ്യത.

88 അംഗ കമ്മിറ്റിയില്‍നിന്ന്‌ കുറഞ്ഞത്‌ 25 പേരെ പ്രായപരിധി മാനദണ്ഡവും അനാരോഗ്യവും കണക്കിലെടുത്ത്‌ ഒഴിവാക്കിയേക്കും. എ.കെ. ബാലന്‍, പി.കെ. ശ്രീമതി, ആനാവൂര്‍ നാഗപ്പന്‍, ഗോപി കോട്ടമുറിക്കല്‍, എസ്‌. ശര്‍മ, കെ. ചന്ദ്രന്‍പിള്ള, എം.എം. വര്‍ഗീസ്‌, പി. രാജേന്ദ്രന്‍, കെ. വരദരാജന്‍, പി. നന്ദകുമാര്‍, എം.വി. ബാലകൃഷ്‌ണന്‍ എന്‍.ആര്‍. ബാലന്‍, എം.കെ. കണ്ണന്‍, സി.എം. ദിനേശ്‌മണി, സി.കെ. ശശീന്ദ്രന്‍ തുടങ്ങിയവര്‍ ഒഴിവാക്കപ്പെട്ടേക്കാം. കരുനാഗപ്പള്ളിയിലെ വിഭാഗീയതയുടെ പശ്‌ചാത്തലത്തില്‍ സൂസന്‍ കോടിയെ മാറ്റിനിര്‍ത്താനും സാധ്യതയുണ്ട്‌.

ആറു ജില്ലകളില്‍ ഇത്തവണ പുതിയ സെക്രട്ടറിമാര്‍ വന്നു. ഇതില്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം നിലവില്‍ സംസ്‌ഥാന കമ്മിറ്റിയംഗമാണ്‌. മറ്റു ജില്ലാസെക്രട്ടറിമാരായ വി.പി. അനില്‍ (മലപ്പുറം), കെ.റഫീഖ്‌ (വയനാട്‌), എം. മെഹബൂബ്‌ (കോഴിക്കോട്‌), എം. രാജഗോപാല്‍ (കാസര്‍ഗോഡ്‌), കെ.വി. അബ്‌ദുള്‍ ഖാദര്‍ (തൃശൂര്‍) എന്നിവരും പുതിയ സംസ്‌ഥാന കമ്മിറ്റിയിലെത്തും. കോട്ടയത്തു വീണ്ടും തെരഞ്ഞെടുക്കപ്പെട്ട എ.വി. റസലിന്റെ മരണത്തെത്തുടര്‍ന്ന്‌ പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുക്കാനുണ്ട്‌. കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗമായ റെജി സഖറിയ അവിടെനിന്നു കമ്മിറ്റിയിലെത്താന്‍ സാധ്യത കാണുന്നു.

ഡി.വൈ.എഫ്‌.ഐ. നേതാക്കളായ വി. വസീഫ്‌, വി.കെ. സനോജ്‌, എസ്‌.എഫ്‌.ഐ. മുന്‍ പ്രസിഡന്റ്‌ കെ. അനുശ്രീ, ജെയ്‌ക്‌ സി. തോമസ്‌, സി.ഐ.ടി.യു. നേതാവ്‌ എസ്‌. ജയമോഹന്‍, മന്ത്രി ആര്‍. ബിന്ദു എന്നിവരും പുതുതായി എത്തിയേക്കും. ആര്‍ക്കും പ്രായപരിധി ഇളവിനു നിര്‍ദേശമില്ലെന്നും മുഖ്യമന്ത്രിയുടെ കാര്യം തീരുമാനിക്കേണ്ടതു പി.ബിയാണെന്നും ഇതിനിടെ തോമസ്‌ ഐസക്‌ അഭിപ്രായപ്പെട്ടു.

പ്രായപരിധി, അനാരോഗ്യം; 25 പേര്‍ ഒഴിവാകും



By admin