rep. image
പത്തനംതിട്ട: നടുറോഡില്‍ പ്രധാനജംഗ്‌ഷനില്‍ വഴിതടഞ്ഞ് ആവേശം സിനിമ മോഡല്‍ പിറന്നാളാഘോഷം. കാഴ്‌ചക്കാരായി പോലീസ്. സെന്റ് പീറ്റേഴ്‌സ് ജങ്‌ഷനിലാണ് കഴിഞ്ഞ രാത്രിയില്‍ വഴി തടഞ്ഞ് ഭീഷണിപ്പെടുത്തി വെട്ടിപ്പുറം സ്വദേശി ഷിയാസിന്റെ പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചത്. പിറന്നാള്‍ ആഘോഷത്തിന് അമ്പതോളം യുവാക്കള്‍ കാര്‍ റാലിയായി നഗരമധ്യത്തിലേക്ക് എത്തുകയായിരുന്നു.
ആഘോഷത്തിന് മുന്നില്‍ നിന്നത് ഡി.വൈ.എഫ്. ഐ പ്രവര്‍ത്തകരാണെന്ന് ആരോപണമുണ്ട്. കുറേ നാള്‍ മുന്‍പ് രൂപീകരിച്ച കമ്മട്ടിപ്പാടം പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ആഘോഷം നടന്നത്. ഇരുപതോളം കാറുകളില്‍ റാലിയായി എത്തിയാണ് അമ്പതോളം ഇടതു പ്രവര്‍ത്തകര്‍ ആഘോഷത്തില്‍ പങ്കെടുത്തത്. എന്നാല്‍, ഡി.വൈ. എഫ്.ഐക്ക് ഇതുമായി ബന്ധമില്ലെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്.
പൊതുനിരത്തിലെ പിറന്നാള്‍ ആഘോഷവും അതിക്രമങ്ങളും പത്തനംതിട്ട ജില്ലയില്‍ വര്‍ധിച്ചു വരികയാണ്. തക്കതായ നടപടി പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകാത്തതിനാല്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ അഴിഞ്ഞാടുകയാണ്. മലയാലപ്പുഴയില്‍ കാപ്പ കേസ് പ്രതി കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചിരുന്നു. പിന്നീട് പറക്കോട്ട് എക്‌സൈസ് ഓഫീസിന് സമീപത്ത് ലഹരി മാഫിയകള്‍ നേതൃത്വത്തില്‍ കഴിഞ്ഞ ആഴ്‌ച പിറന്നാള്‍ ആഘോഷം നടന്നത് വിവാദമായിരുന്നു. ഇതിലും ഡി. വൈ. എഫ് ഐ – എസ്.എഫ്.ഐ നേതാക്കള്‍ പങ്കെടുത്തിരുന്നു. ഗുണ്ടകള്‍ക്കു മുന്നില്‍ മുട്ടുകുത്തിനില്‍ക്കേണ്ട ഗതികേടിലാണ് ജില്ലയില്‍ പോലീസ്.