കോഴിക്കോട്: മലയാളത്തിന്റെ അഭിമാനമായ വിശ്വസാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്ക് ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ കേരളം വിട നല്‍കും. വൈകിട്ട് അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക.
എംടിയോടുള്ള ആദരസൂചകമായി ഇന്നും നാളെയും സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. വൈകിട്ട് നാലുവരെ കോഴിക്കോട് കൊട്ടാരം റോഡിലെ വസതിയായ ‘സിതാര’ യില്‍ അന്തിമോപചാരം അര്‍പ്പിക്കാം.
എം ടിയുടെ ആഗ്രഹപ്രകാരം പൊതുദര്‍ശനം ഒഴിവാക്കിയിട്ടുണ്ട്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച എം ടിയുടെ വിയോഗ വാര്‍ത്തയറിഞ്ഞ് നിരവധി പേര്‍ ആശുപത്രി പരിസരത്തും എത്തിയിരുന്നു.
ഡിസംബര്‍ 16 ന് പുലര്‍ച്ചെയാണ് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രിയോടെയായിരുന്നു അന്ത്യം. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 11 ദിവസമായി എം ടി വാസുദേവന്‍ നായര്‍ ആശുപത്രിയില്‍ കഴിയുകയായിരുന്നു.
91 ാം വയസ്സിലായിരുന്നു അന്ത്യം. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. ഇന്ന് കിഡ്‌നിയുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം മന്ദഗതിയിലായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.
കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ്, ലേഖകന്‍, പ്രഭാഷകന്‍, നാടകകൃത്ത്, നടന്‍, സംവിധായകന്‍, നാടകപരിഭാഷകന്‍, ഗാനരചയിതാവ്, ബാലസാഹിത്യകാരന്‍, അധ്യാപകന്‍, സംഘാടകന്‍, ഭരണാധികാരി, ജ്ഞാനപീഠമടക്കമുള്ള പുരസ്‌കാരങ്ങളുടെ ജേതാവ് എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്നു എം ടി വാസുദേവന്‍ നായര്‍.