ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ സുരക്ഷാ പരിശോധനയ്ക്കിടെ കസ്റ്റംസ് ഉദ്യോഗസ്ഥർ സംശയം തോന്നി യാത്രക്കാരനെ തടയുകയായിരുന്നു.
കനേഡിയൻ പൗരൻ വിമാനത്താവളത്തിൽ മുതലയുടെ തലയോട്ടിയുമായി പിടിയിൽ. ദില്ലിയിൽ നിന്ന് കാനഡയിലേക്ക് പോവുകയായിരുന്ന യാത്രക്കാരനെയാണ് അറസ്റ്റ് ചെയ്തത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ സുരക്ഷാ പരിശോധനയ്ക്കിടെ കസ്റ്റംസ് ഉദ്യോഗസ്ഥർ സംശയം തോന്നി യാത്രക്കാരനെ തടയുകയായിരുന്നു.
യാത്രക്കാരന്‍റെ ബാഗേജിൽ നിന്ന് ക്രീം നിറമുള്ള തുണിയിൽ പൊതിഞ്ഞ മുതലക്കുഞ്ഞിന്‍റെ തലയോട്ടി കണ്ടെടുത്തു. മൂർച്ചയുള്ള പല്ലുകളും താടിയെല്ലുമുള്ള അസ്ഥികൂടമാണ് കണ്ടെത്തിയത്. തലയോട്ടിക്ക് ഏകദേശം 777 ഗ്രാം ഭാരമുണ്ട്. 32കാരനായ യാത്രക്കാരന് എവിടെ നിന്നാണ് ഇത് ലഭിച്ചതെന്ന് ഇപ്പോൾ വ്യക്തമല്ല. 1962ലെ കസ്റ്റംസ് നിയമത്തിലെ 104-ാം വകുപ്പ് പ്രകാരമാണ് യാത്രക്കാരനെ അറസ്റ്റ് ചെയ്തത്. എയർ കാനഡ ഫ്‌ളൈറ്റ് നമ്പർ എസി 051ൽ കാനഡയിലേക്ക് പോകാനിരുന്ന യാത്രക്കാരനാണ് പിടിയിലായത്. കസ്റ്റംസ് ഇയാളെ വിശദമായി ചോദ്യംചെയ്യുമെന്ന് അറിയിച്ചു.
മുതലയുടെ തലയോട്ടിയാണെന്ന് വനം – വന്യജീവി വകുപ്പ് പരിശോധനയില്‍ സ്ഥിരീകരിച്ചു. 1972ലെ വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ I പ്രകാരമുള്ള സംരക്ഷിത പട്ടികയിലുള്ളതായതിനാലാണ് നടപടി.