
ന്യൂഡല്‍ഹി: ലിംഗ വിവേചനത്തിന്റെ ഭാഗമായി ആഗ്രഹിച്ച സയന്‍സ് വിഷയത്തിന് പകരം ആര്‍ട്‌സ് വിഷയം പഠിക്കാന്‍ നിര്‍ബ്ബന്ധിതയായ പെണ്‍കുട്ടിയുടെ കണ്ണീര്‍ വീഡിയോയ്ക്ക് പിന്നാലെ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. ഡോക്ടര്‍ ആകാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിക്ക് സയന്‍സ് വിഷയം പഠിക്കാനുള്ള അവസരവുമായി ജില്ലാ കളക്ടര്‍ വരെ ഇടപെടുകയും അടുത്ത അക്കാദമിക വര്‍ഷത്തില്‍ സയന്‍സ് ഉറപ്പാക്കുകയും ചെയ്തു.
ബീഹാറിലെ ദാനാപൂരില്‍ നിന്നുള്ള ഖുഷ്ബു കുമാരി എന്ന വിദ്യാര്‍ത്ഥിനിയാണ് ശ്രദ്ധനേടിയത്്. തന്റെ വീട്ടില്‍ ലിംഗ വിവേചനത്തിനെതിരെ പൊട്ടിക്കരയുന്ന ഇവരുടെ വീഡിയോയാണ് വൈറലായത്. വൈറല്‍ വീഡിയോയില്‍, മാതാപിതാക്കള്‍ മുന്നോട്ടുവച്ച വ്യവസ്ഥ കാരണം തന്റെ സയന്‍സ് പഠിക്കാനുള്ള അവസരം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് പെണ്‍കുട്ടി വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.
ശാസ്ത്രം പഠിക്കാനുള്ള തന്റെ സ്വപ്നം എങ്ങനെ നഷ്ടപ്പെട്ടുവെന്ന് കുമാരി വിവരിക്കുന്നത് കാണാം. തന്റെ വീട്ടിലെ ലിംഗ വിവേചനത്തെക്കുറിച്ച് സംസാരിച്ച കുമാരി വീഡിയോയില്‍ പറഞ്ഞു.”ഇന്നും എന്റെ വീട്ടില്‍ എനിക്കും സഹോദരനും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. സഹോദരന്മാര്‍ക്ക് പഠിക്കാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്, പക്ഷേ പെണ്‍കുട്ടികള്‍ക്ക് അത് ഇല്ല. പഠിക്കാന്‍ ഞങ്ങള്‍ക്ക് ഒരു ഫോണ്‍ പോലും നല്‍കുന്നില്ല. 400 മാര്‍ക്ക് നേടിയാല്‍ നിങ്ങള്‍ക്ക് സയന്‍സ് എടുക്കാം, അല്ലെങ്കില്‍ കഴിയില്ല എന്ന് എന്റെ അമ്മ പറഞ്ഞു. എനിക്ക് 399 മാര്‍ക്കേ ലഭിച്ചുള്ളൂ. അതിനാല്‍ എനിക്ക് ആര്‍ട്‌സ് പഠിക്കേണ്ട സ്ഥിതിയാണ്.” പെണ്‍കുട്ടി കണ്ണീരോടെ പറഞ്ഞു.
പതിനൊന്നാം ക്ലാസില്‍ സയന്‍സ് സ്ട്രീമില്‍ അവളുടെ വിദ്യാഭ്യാസത്തിന് പണം നല്‍കാന്‍ കഴിയാത്തതിനാല്‍ അവളുടെ മാതാപിതാക്കളും ഈ നിബന്ധന മുന്നോട്ടുവച്ചിരുന്നുു. ‘സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അവളെ ആര്‍ട്‌സിന് ചേര്‍ത്തു. സയന്‍സ് തിരഞ്ഞെടുത്തിരുന്നെങ്കില്‍ അതിന് കൂടുതല്‍ പണം ആവശ്യമായി വരുമായിരുന്നു.” പെണ്‍കുട്ടിയുടെ പിതാവ് ഉപേന്ദ്ര റായ് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു. വീഡിയോ പെട്ടെന്ന് വൈറലായി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തു.
ഒരു നല്ല സ്ഥാപനത്തില്‍ സയന്‍സ് പഠിക്കാന്‍ ചേരുന്നതിന് പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കി. പിന്നീട് വീഡിയോകോള്‍ വഴി പെണ്‍കുട്ടിയുമായി സംസാരിച്ച വിദ്യാഭ്യാസമന്ത്രി പെണ്‍കുട്ടിയോട് നന്നായി പഠിക്കാനും അവളുടെ മാതാപിതാക്കളോട് ഒരു വിദ്വേഷവും വയ്ക്കാതിരിക്കാനും ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും നിങ്ങളുടെ വിദ്യാഭ്യാസത്തിന് വേണ്ട ക്രമീകരണങ്ങള്‍ ചെയ്യും. നീ നന്നായി പഠിക്കൂ, ദയവായി നിന്റെ മാതാപിതാക്കളോട് ഒന്നും പറയരുത്. അവര്‍ തങ്ങളുടെ കഴിവിന്റെ പരമാവധി നിങ്ങളെ പിന്തുണയ്ക്കാന്‍ ശ്രമിക്കുന്നവരാണെന്നും വ്യക്തമാക്കി.
ശാസ്ത്രത്തില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്ന ഏതെങ്കിലും നല്ല സ്ഥാപനത്തില്‍ ചേരാന്‍ പെണ്‍കുട്ടി ആഗ്രഹം പ്രകടിപ്പിച്ചു. 2025 – 27 അക്കാദമിക് സെഷനില്‍ ബയോളജി മേജറോടെ 11-ാം ക്ലാസില്‍ പെണ്‍കുട്ടിക്ക് പ്രവേശനം ലഭിക്കുന്നുണ്ടെന്ന് ജില്ലാഭരണകൂടം ഉറപ്പാക്കുമെന്ന് പട്‌ന ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രശേഖര്‍ സിംഗും പെണ്‍കുട്ടിക്ക് ഉറപ്പ് നല്‍കിയിരിക്കുകയാണ്.