![mihir, ahammad, death, case, updates](https://i0.wp.com/www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2025/02/762646/mihir.gif?w=640&ssl=1)
കൊച്ചി: തൃപ്പുണ്ണിത്തുറയില്‍ റാഗിങിനെ തുടര്‍ന്ന് 9-ാം ക്ലാസ് വിദ്യാര്‍ത്ഥി മിഹിര്‍ അഹമ്മദ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് മിഹിറിന്റെ പിതാവ്. മരണത്തില്‍ ദുരൂഹതയുണ്ട്. ജനുവരി 15 ന് സ്‌കൂള്‍ അധികൃതര്‍ മിഹിറിന്റെ രണ്ടാനച്ഛനുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും തുടര്‍ന്ന് അപ്പാര്‍ട്ട്മെന്റില്‍ വെച്ചും എന്താണ് സംഭവിച്ചതെന്ന് പോലീസ് അന്വേഷിക്കണമെന്ന് മിഹിറിന്റെ പിതാവ് ഷഫീഖ് മാടമ്പാട്ട് ആവശ്യപ്പെട്ടു.
സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കത്തിലൂടെയാണ് ഷഫീഖ് ഇക്കാര്യം ആവശ്യപ്പെട്ടത്. മിഹിറിനെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ല. മിഹിറുമായി ഫോണില്‍ സംസാരിച്ചപ്പോഴാണ് ഇക്കാര്യം അറിയുന്നതെന്നും ഷഫീഖ് പറയുന്നു. മിഹിറിന്റെ മരണത്തില്‍ സ്‌കൂളിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മിഹിര്‍ ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് രണ്ടാനച്ഛനുമായി ഫോണില്‍ സംസാരിച്ചിരുന്നു. അത് എന്താണെന്ന് കണ്ടെത്തണം. മിഹിര്‍ സംസാരത്തിനിടെ ഫോണ്‍ കട്ട് ചെയ്തിരുന്നു. പിന്നീട് സലീം പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മിഹിര്‍ പ്രതികരിച്ചില്ല എന്നും ഷഫീഖ് പറയുന്നു. ഗ്ലോബല്‍ സ്‌കൂളില്‍വെച്ച് സഹപാഠികള്‍ ക്രൂരമായി റാഗിങ്ങിന് വിധേയമാക്കിയതില്‍ മനംനൊന്താണ് മിഹിര്‍ ജീവനൊടുക്കിയതെന്നാണ് അമ്മ രജ്ന ആരോപിച്ചിരുന്നത്.
മിഹിര്‍ അമ്മ രജ്നയ്ക്കും രണ്ടാനച്ഛന്‍ സലിമിനുമൊപ്പമാണ് തൃപ്പൂണിത്തുറയിലെ ഫ്ലാറ്റില്‍ താമസിച്ചിരുന്നത്. ജനുവരി 15 ന് അപ്പാര്‍ട്ട്മെന്റിന്റെ 26-ാം നിലയില്‍ നിന്നും താഴേക്ക് ചാടിയാണ് മിഹിര്‍ ജീവനൊടുക്കുന്നത്. മിഹിറിന്റെ ലാപ്ടോപ്പും മൊബൈല്‍ ഫോണും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഷഫീഖ് പോലീസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മിഹിറിന്റെ മരണത്തില്‍ നിലവില്‍ തൃപ്പൂണിത്തുറ പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അന്വേഷണം നടത്തുന്നത്. റാഗിങ് പരാതിയില്‍ പുത്തന്‍കുരിശ് പോലീസും അന്വേഷണം നടത്തുന്നുണ്ട്.