ഇന്ത്യ യുദ്ധത്തിലേക്ക് പോകരുതെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ബിജെപി രംഗത്തെത്തി. പാകിസ്ഥാനുമായുള്ള യുദ്ധം ആവശ്യമില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞുവെന്നാരോപിച്ചാണ് ബിജെപി രംഗത്തെത്തിയത്. ഇന്ത്യ യുദ്ധത്തിലേക്ക് പോകരുതെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി. സിദ്ധരാമയ്യയെ “പാകിസ്ഥാൻ രത്ന”യെന്ന് ബിജെപി നേതാക്കൾ വിശേഷിപ്പിച്ചു.
പാകിസ്ഥാനുമായി യുദ്ധം ചെയ്യരുതെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് സിദ്ധരാമയ്യ വിശദീകരിച്ചു. യുദ്ധം പരിഹാരമല്ലെന്ന് മാത്രമാണ് പറഞ്ഞത്. വിനോദസഞ്ചാരികൾക്ക് സംരക്ഷണം നൽകണമായിരുന്നു. ഇത് ആരുടെ ഉത്തരവാദിത്തമാണ്? ഒരു പരാജയം സംഭവിച്ചിട്ടുണ്ടെന്ന് ഞാൻ പറഞ്ഞു. ഇന്റലിജൻസിന്റെ പരാജയം ഉണ്ട്. ഇന്ത്യാ ഗവൺമെന്റ് മതിയായ സുരക്ഷ നൽകിയില്ല. യുദ്ധം അനിവാര്യമാണെങ്കിൽ, നമ്മൾ യുദ്ധത്തിലേക്ക് പോകണമെന്നും കൂട്ടിച്ചേർത്തു. പാകിസ്ഥാനിലെ പ്രമുഖ വാർത്താ ചാനലായ ജിയോ ന്യൂസ് ഉൾപ്പെടെയുള്ള പാകിസ്ഥാൻ മാധ്യമങ്ങൾ കർണാടക മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.