
സംസ്ഥാന കമ്മിറ്റിയില്‍ ഉൾപ്പെടുത്താത്തതിലെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച സി.പി.എം പത്തനംതിട്ട ജില്ല സെക്രട്ടേറിയറ്റ് അംഗവും മുൻ എം.എല്‍.എ.യും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായിരുന്ന എ. പത്മകുമാർ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹം.
തന്നെ അപേക്ഷിച്ച് ജൂണിയറായ വീണാ ജോര്‍ജിനെ സംസ്ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാവാക്കിയതിലുമുള്ള അസംതൃപ്തി പരസ്യമായി പ്രകടിപ്പിച്ച പത്മകുമാറുമായി ബി.ജെ.പി നേതാക്കൾ കൂടിക്കാഴ്ച നടത്തി. ബി.ജെ.പി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി.ഒ സൂരജ്, ജോ.സെക്രട്ടറി അയിരൂര്‍ പ്രദീപ് എന്നിവരാണ് വീട്ടിലെത്തിയത്. ബി.ജെ.പി സംസ്ഥാനനേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് ചർച്ച എന്നാണ് സൂചന.
പത്മകുമാർ വന്നാൽ സ്വീകരിക്കുമെന്ന് ബി.ജെ.പി.യുടെ പത്തനംതിട്ട ജില്ല നേതൃത്വം ഇന്നലെ പറഞ്ഞിരുന്നു. പത്മകുമാർ പാർട്ടി വിട്ടുവന്നാൽ സ്വീകരിക്കുന്നതിൽ തടസ്സമില്ലെന്ന് കോൺഗ്രസും വ്യക്തമാക്കിയിരുന്നു.
അതേസമയം പരസ്യ അഭിപ്രായപ്രകടനത്തില്‍ സിപിഎം പത്മകുമാറിനെതിരേ നടപടിയെടുത്തേക്കും. 12-ാം തീയതി പാര്‍ട്ടി വിഷയം ചര്‍ച്ച ചെയ്യും. നടപടിയെടുത്താല്‍ പത്മകുമാര്‍ സ്വീകരിക്കുന്ന നിലപാട് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍.
വീണാ ജോര്‍ജിനെ സംസ്‌ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാക്കിയതിലുള്ള അതൃപ്‌തിയാണു പത്മകുമാര്‍ പരസ്യമാക്കിയത്. ഉച്ചഭക്ഷണത്തിന് പോലും നില്‍ക്കാതെയാണ് പത്മകുമാര്‍ സംസ്ഥാന സമ്മേളന നഗരി വിട്ടത്. വഞ്ചന, അവഹേളനം… 52 വര്‍ഷത്തെ ബാക്കിപത്രം…ലാല്‍ സലാം എന്നായിരുന്നു പത്മകുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്‌റ്റ്.