photo – facebook
ആലപ്പുഴ : അമ്പലപ്പുഴ വളഞ്ഞവഴിയില്‍ പുലിമുട്ടും കടല്‍ ഭിത്തിയും നിര്‍മിക്കാത്തതില്‍ പ്രതിഷേധിച്ച് മന്ത്രി സജി ചെറിയാന്‍ പങ്കെടുത്ത വേദിയിലേക്ക് ബി.ജെ.പി പ്രവര്‍ത്തകരുടെ മാര്‍ച്ച്. മാര്‍ച്ച് തടയാനെത്തിയ സിപിഐഎം പ്രവര്‍ത്തകരുമായി വാക്കേറ്റം. മത്സ്യഫെഡ് ജില്ലാ ഓഫീസ് കെട്ടിട സമുച്ചയ ഉദ്ഘാടനം നടന്ന വളഞ്ഞ വഴിയിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. മന്ത്രി സജി ചെറിയാനായിരുന്നു ഇതിന്റെ ഉദ്ഘാടകന്‍.
ബിജെപി പഞ്ചായത്തംഗം സുമിതയുടെ വാര്‍ഡായ നീര്‍ക്കുന്നത്ത് പുലിമുട്ടോടു കൂടിയ കടല്‍ ഭിത്തി നിര്‍മിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഉദ്ഘാടന വേദിയുടെ ഏതാനും സമീപത്തു നിന്ന് മാര്‍ച്ചാരംഭിച്ചത്.പഞ്ചായത്തംഗം സുമിത, ബി.ജെ.പി അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ബാബുരാജ് എന്നിവരുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 30 ഓളം പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.മാര്‍ച്ച് വേദിക്കരികില്‍ എടത്വ സി.ഐ: അന്‍വറിന്റെ നേതൃത്വത്തിലുള്ള പോലീസ് തടഞ്ഞു.
ഇതിനിടയില്‍ സ്ഥലത്തുണ്ടായിരുന്ന സി.പിഐഎം നേതാക്കളും മാര്‍ച്ചിനെതിരെ സംഘടിച്ച് ഇവിടെയെത്തിയതോടെ സംഘര്‍ഷാവസ്ഥയായി. സി.പിഐഎം പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും വീണ്ടും ഇവര്‍ തടിച്ചു കൂടി.ഒടുവില്‍ ബി.ജെ.പി നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി.