പീരുമേട്: ഇന്നലെ അതിരാവിലെ വലിയ ശബ്ദവും നിലവിളിയും കേട്ടാണ് പുല്ലുപാറ നിവാസികള്‍ ഉണര്‍ന്നത്. പുല്ലുപാറയ്ക്കു സമീപം ഏകദേശം 45 അടി താഴ്ചയിലേക്ക് ബസ് മറിഞ്ഞെന്ന വാര്‍ത്തയാണ് അവരെ തേടിയെത്തിയത്. രാവിലെ ആറിന് തഞ്ചാവൂരില്‍നിന്ന് മാവേലിക്കരയ്ക്കു പോയ കെ.എസ.ആര്‍.ടി.സി. ബസാണ് അപകടത്തില്‍പ്പെട്ടത്.
തമിഴ്‌നാട്ടിലെ വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു 37 യാത്രക്കാരാണു ബസിലുണ്ടായിരുന്നത്. നാലുപേര്‍ മരിച്ച അപകടത്തില്‍ 31 പേര്‍ക്ക് പരുക്കേറ്റു. അവിടെ ഉണ്ടായിരുന്ന റബര്‍ മരവും കേബിളുകളുമാണ് ബസ് അഗാധ ഗര്‍ത്തത്തിലേക്ക് പതിക്കാതെ തുണയായത്. ബ്രേക്ക് നഷ്ടപെട്ടതാണ് അപകടകാരണമെന്ന് ഡ്രൈവര്‍ പറയുന്നു. രണ്ട് ഡ്രൈവര്‍മാരാണ് ബസില്‍ ഉണ്ടായിരുന്നത്.
കമ്പത്തുവച്ച് ഡ്രൈവര്‍ ഡിക്‌സണ്‍ വാഹനം സഹ ഡ്രൈവറായ രാജീവിനു കൈമാറുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ കുമളിയിലെത്തി ബസില്‍ ഡീസല്‍ നിറയ്ക്കുകയും യാത്രക്കാര്‍ കടുംകാപ്പി കുടിക്കുകയും ചെയ്തിരുന്നു. പുല്ലുപാറയ്ക്കു സമീപം എത്തിയപ്പോള്‍ ബസിന്റെ ബ്രേക്ക് നഷ്ടപെട്ടതായി ഡ്രൈവര്‍ യാത്രക്കാരെ അറിയിച്ചു. സമീപത്തെ സീറ്റില്‍ ഇരുന്നുറങ്ങുകയായിരുന്ന ഡിക്‌സനെയും രാജീവ് വിവരം അറിയിച്ചു.
ഇരുവരും ചേര്‍ന്ന് ഹാന്‍ഡ് ബ്രേക്ക് ഇടാനും ഇടതുവശത്തെ തിട്ടയില്‍ ബസ് ഇടിപ്പിക്കാനും ശ്രമം നടത്തി. എന്നാല്‍ നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് തടയാന്‍ സുരക്ഷാവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രയോജനമില്ലാത്ത സ്ഥിതിയാണ്. കെ.എസ്.ആര്‍.എ. 31 ലക്ഷം രൂപ മുടക്കി സൂചന ലൈറ്റ് സ്ഥാപിച്ചതുമാത്രമാണ് ആകെ ചെയ്തത്.
റോഡ് വീതി കൂട്ടി വളവുകള്‍ നിവര്‍ത്താന്‍ മോട്ടോര്‍ വാഹന വകുപ്പും മാസംതോറും കൂടുന്ന റോഡ് സേഫ്റ്റി മീറ്റിങ്ങുകളില്‍ ആവശ്യം ഉന്നയിക്കാറുണ്ടെങ്കിലും ഫലമില്ല. റോഡിന്റെ അലൈയ്‌മെന്റ് പുതുക്കി നിശ്ചയിക്കുമെന്ന കാര്യം കാട്ടി നിലവിലെ റോഡിനായി എന്‍.എച്ച്.എ ഫണ്ട് അനുവദിക്കാറില്ലന്ന വിവരവും പുറത്തുവരുന്നുണ്ട്. മലയോരമേഖലകളില്‍ ബലവത്തായ സുരക്ഷാ വേലിസ്ഥാപിക്കണമെന്ന് ആവശ്യം ശക്തമായി.