പാര്‍ട്ടിയോഗത്തിനു മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണു പടിയിറക്കം. കുടുംബവുമായി ആലോചിച്ചാണ് തീരുമാനം കൈക്കൊണ്ടതെന്ന് രാജിപ്രഖ്യാപന പ്രസംഗത്തില്‍ ട്രൂഡോ പറഞ്ഞു.
ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രിസ്ഥാനവും ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും രാജിവച്ച് ജസ്റ്റിന്‍ ട്രൂഡോ. മാര്‍ച്ച് 24 വരെ പാര്‍ലമെന്റ് നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ അനുമതി ലഭിച്ചതായും രാജിപ്രഖ്യാപിച്ച് ട്രൂഡോ പറഞ്ഞു. പാര്‍ട്ടിയോഗത്തിനു മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണു പടിയിറക്കം. കുടുംബവുമായി ആലോചിച്ചാണ് തീരുമാനം കൈക്കൊണ്ടതെന്ന് രാജിപ്രഖ്യാപന പ്രസംഗത്തില്‍ ട്രൂഡോ പറഞ്ഞു.
താനൊരു പോരാളിയാണെന്ന് പ്രസംഗത്തില്‍ പലവട്ടം സൂചിപ്പിച്ച ട്രൂഡോ, രാജ്യത്ത് തെരഞ്ഞെടുപ്പു പരിഷ്‌കരണം അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതില്‍ ഖേദമുണ്ടെന്നും വ്യക്തമാക്കി. ഈ വര്‍ഷം അവസാനം നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടി പരാജയപ്പെടുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് ട്രൂഡോയുടെ രാജി.
11 വര്‍ഷമായി ലിബറല്‍ പാര്‍ട്ടിയുടെ നേതാവും ഒമ്പതു വര്‍ഷമായി പ്രധാനമന്ത്രിയുമാണു ട്രൂഡോ. യു.എസ്. നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണി മുതല്‍ സഖ്യകക്ഷികളുടെ എതിര്‍പ്പും അഭിപ്രായവോട്ടെടുപ്പുകളിലെ തിരിച്ചടിയും വരെയുള്ള നിരവധി പ്രതിസന്ധികളാണു ട്രൂഡോ നേരിട്ടിരുന്നത്. തെരഞ്ഞെടുപ്പില്‍ പിയറി പൊയ്‌ലീവ്‌റെയുടെ നേതൃത്വത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വലിയ മുന്നേറ്റം നടത്തുമെന്നാണു അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. ഒക്‌ടോബറില്‍ തെരഞ്ഞെടുപ്പ് നടന്നേക്കും.
ഡിസംബറില്‍ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാന്‍ഡിന്റെ അപ്രതീക്ഷിത രാജി ട്രൂഡോ സര്‍ക്കാരിനെ ഞെട്ടിച്ചിരുന്നു. ട്രൂഡോയുടെ സാമ്പത്തിക നയങ്ങള്‍ രാഷ്ട്രീയ ഗിമ്മിക്കുകളാണെന്നു വിമര്‍ശിച്ചുകൊണ്ടായിരുന്നു രാജി. രാജ്യത്ത് അനുഭവപ്പെടുന്ന ഉയര്‍ന്ന ജീവിതച്ചെലവും സാമ്പത്തിക മേഖലയിലെ അതൃപ്തികളും സര്‍ക്കാരിനെതിരേ ജനരോഷം ഉയര്‍ത്തിയിട്ടുണ്ട്.
കാനഡയില്‍നിന്നു യു.എസിലേക്കു കയറ്റുമതിചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 25% തീരുവ ചുമത്തുമെന്നു നിയുക്ത യു.എസ്. പ്രസിഡന്റ് ട്രംപ് പറഞ്ഞതും ട്രൂഡോയ്ക്കു തിരിച്ചടിയായി. ഖലിസ്ഥാന്‍ തീവ്രവാദികളുടെ പിന്തുണ ഉറപ്പാക്കാന്‍ ഇന്ത്യാവിരുദ്ധ പരാമര്‍ശം നടത്തിയും ട്രൂഡോ വിവാദനായകനായിരുന്നു.