
അടിമാലി: പോലീസ് സ്‌റ്റേഷനിലെ റൈട്ടറായിരുന്ന ഗ്രേഡ് എ.എസ്.ഐക്കെതിരേ പീഡന പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. മറ്റൊരു പീഡനക്കേസിലെ അതിജീവതയുടെ പരാതിയിലാണ് പോലീസ് ഓഫീസര്‍ പി.എല്‍. ഷാജിക്കെതിരേ കേസെടുത്തത്. ഏതാനും ദിവസം മുമ്പ് സസ്‌പെന്‍ഷനിലായ പോലീസ് ഉദ്യോഗസ്ഥന്‍ ഒളിവിലാണെന്നു സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ പറഞ്ഞു.
2022 മുതല്‍ 2025 ജനുവരി വരെ പലവട്ടം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണു പരാതി. മുഖ്യമന്ത്രിക്കും ഡി.ജി.പി. ഉള്‍പ്പടെ പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും യുവതി പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കേസെടുത്തത്. ഹോട്ടല്‍ ജോലിക്കായി വിദേശത്ത് പോയ പ്രവാസി മലയാളിയുടെ ഭാര്യയുമായി അവിഹിതമുണ്ടെന്നു കാണിച്ചു ഭര്‍ത്താവ് നല്‍കിയ പരാതിയിലും ഇയാള്‍ക്കെതിരേ നടപടി സ്വീകരിച്ചിട്ടുള്ളതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു.
നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചു ജില്ലാ പോലീസ് മേധാവിക്ക് ഒരു മാസം മുന്‍പ് ലഭിച്ച പരാതിയെത്തുടര്‍ന്ന് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പ്രാഥമിക അന്വേഷണത്തില്‍ തന്നെ പ്രശ്‌നം കണ്ടെത്തിയതോടെ കെ.എ.പി ക്യാമ്പിലേക്ക് സ്ഥലം മാറ്റം നല്‍കി. ഇതേതുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ മെഡിക്കല്‍ ലീവില്‍ പോയി. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കൊച്ചി റേഞ്ച് ഐ.ജി: ഡോ. എസ്. സതീഷ് ബിനോയാണ് സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.
പുതിയതായി എസ്.പിക്കു അതിജീവിത നല്‍കിയ പരാതി സംബന്ധിച്ച് പോലീസ് സ്‌റ്റേഷനില്‍ യുവതിയും മാതാവും മൊഴി നല്‍കിയെങ്കിലും കേസെടുക്കുന്നതിന് താല്പര്യമില്ലെന്ന് അറിയിച്ചുവത്രെ. പിന്നീടാണ് ഈ മാസം 20ന് രേഖാമൂലം പരാതി നല്‍കിയത്.