പാകിസ്‌താനുമായുള്ള സംഘര്‍ഷം അതിരൂക്ഷമായ സാഹചര്യത്തില്‍ വ്യോമാക്രമണമുന്നറിയിപ്പ് സൈറണുകള്‍ സ്‌ഥാപിച്ച്, അപ്രതീക്ഷിത സാഹചര്യങ്ങളില്‍ സ്വയരക്ഷ ഉറപ്പാക്കാന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ സാധാരണക്കാര്‍ക്കു പരിശീലനം നല്‍കണം

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം പാകിസ്‌താനുമായുള്ള സംഘര്‍ഷം അതിരൂക്ഷമായ സാഹചര്യത്തില്‍ സംസ്‌ഥാനങ്ങള്‍ക്കു ജാഗ്രതാനിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നാളെ മോക്‌ഡ്രില്ലുകള്‍ ഉള്‍പ്പെടെ സംഘടിപ്പിക്കാനാണ് സംസ്‌ഥാനസര്‍ക്കാരുകള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം.
വ്യോമാക്രമണമുന്നറിയിപ്പ് സൈറണുകള്‍ സ്‌ഥാപിച്ച്, അപ്രതീക്ഷിതസാഹചര്യങ്ങളില്‍ സ്വയരക്ഷ ഉറപ്പാക്കാന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ സാധാരണക്കാര്‍ക്കു പരിശീലനം നല്‍കണം. ദ്രുതഗതിയിലുള്ള ഒഴിപ്പിക്കല്‍ പദ്ധതികള്‍ കാര്യക്ഷമമാക്കുന്നതിനൊപ്പം റിഹേഴ്‌സലുകളും സംഘടിപ്പിക്കണം.
തന്ത്രപ്രധാനകേന്ദ്രങ്ങളുടെ സുരക്ഷയ്‌ക്കു പ്രഥമപരിഗണന നല്‍കുന്നതിന്റെ ഭാഗമായി അവ മറയ്‌ക്കാന്‍ സംവിധാനമൊരുക്കണം. വൈദ്യുതിവിതരണം തടസപ്പെടുന്ന സാഹചര്യം തരണം ചെയ്യാന്‍ പദ്ധതി തയാറാക്കണമെന്നും നിര്‍ദേശമുണ്ട്.
ഇതോടെ പഹല്‍ഗാമില്‍ 26 പേരുടെ കൂട്ടക്കുരുതിക്ക് ഇന്ത്യയുടെ തിരിച്ചടി വൈകില്ലെന്ന അഭ്യൂഹം ശക്‌തമായി. ദേശീയസുരക്ഷാ ഉപദേഷ്‌ടാവ് അജിത് ദോവല്‍, പ്രതിരോധ സെക്രട്ടറി രാജേഷ്‌കുമാര്‍ സിങ് എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ കൂടിക്കാഴ്‌ച നടത്തിയതും ശ്രദ്ധേയമാണ്. പാകിസ്‌താനുമായി യുദ്ധമുണ്ടായ 1971-ലാണ് ഇതിനുമുമ്പ് സമാനമായ നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ളത്.
അതിനിടെ, അതിര്‍ത്തിയില്‍ പാകിസ്‌താന്റെ പ്രകോപനം തുടരുകയാണ്. രാപകല്‍ ഭേദമന്യേ തുടര്‍ച്ചയായ 11-ാം ദിവസവും പാകിസ്‌താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്നലെ എട്ടിടങ്ങളില്‍ ഇന്ത്യന്‍ സൈനിക പോസ്‌റ്റുകള്‍ക്കു നേരേ വെടിവയ്‌പ്പുണ്ടായി. ഇന്ത്യന്‍ സേന ശക്‌തമായി തിരിച്ചടിച്ചു. സമുദ്രമേഖലയില്‍ പ്രതിരോധം ശക്‌തമാക്കുന്നതിന്റെ ഭാഗമായി നടത്തിയ മള്‍ട്ടി ഇന്‍ഫ്‌ളുവന്‍സ് ഗ്രൗണ്ട് മൈന്‍ പരീക്ഷണം വിജയകരമായെന്ന് പ്രതിരോധ ഗവേഷണ വികസന ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) അറിയിച്ചു. മുങ്ങിക്കപ്പലുകള്‍ അടക്കമുള്ളവയുടെ അനധികൃതപ്രവേശം തടയാന്‍ തദ്ദേശീയമായി വികസിപ്പിച്ച ഈ മൈനുകള്‍ സഹായിക്കും.
ഇന്ത്യയുടെ തിരിച്ചടി ഭയക്കുന്ന പാകിസ്‌താന്‍ ഇന്നലെ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. ഫത്താ ശ്രേണിയിലെ 120 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഭൂതല-ഭൂതല മിസൈല്‍ പരീക്ഷണം വിജയകരമായിരുന്നെന്നാണ് പാക് അവകാശവാദം. ഇന്ത്യന്‍ പ്രതിരോധസ്‌ഥാപനങ്ങളുടെ നിര്‍ണായകവിവരങ്ങള്‍ ചോര്‍ത്തിയെന്ന് അവകാശപ്പെട്ട് ഹാക്കര്‍മാരായ ‘പാകിസ്‌താന്‍ സൈബര്‍ ഫോഴ്‌സും’ രംഗത്തെത്തി.
അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തെ ഐക്യരാഷ്‌ട്ര സംഘടനാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടെറസ് ശക്‌തമായ ഭാഷയില്‍ അപലപിച്ചു. സാധാരണക്കാരെ ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ല. ആക്രമണത്തിന്റെ ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. അതിനായി നിയമാനുസൃതമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ഗട്ടെറസ് ആവശ്യപ്പെട്ടു.