• Wed. Mar 5th, 2025

24×7 Live News

Apdin News

champions trophy 2025: India defeats Australia in semi-final to reach final | ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റ്‌ : സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച്‌ ഇന്ത്യ ഫൈനലില്‍

Byadmin

Mar 5, 2025


uploads/news/2025/03/767584/sp1.jpg

ദുബായ്‌: 2023 നവംബറില്‍ അഹമ്മദാബാദില്‍ നടന്ന ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ കലാശപ്പോരില്‍ സ്വന്തം കാണികള്‍ക്കുമുന്നില്‍ കിരീടം ഓസ്‌ട്രേലിയയ്‌ക്കുമുന്നില്‍ അടിയറവയ്‌ക്കേണ്ടിവന്നതിന്റെ കണക്ക്‌ രണ്ടു വര്‍ഷത്തിനുശേഷം ദുബായയില്‍ തീര്‍ത്ത്‌ ഇന്ത്യ. സെമിഫൈനലില്‍ ഓസ്‌ട്രേലിയയെ നാലുവിക്കറ്റിനു മറികടന്ന്‌ രോഹിത്‌ ശര്‍മയും സംഘവും ഐ.സി.സി. ചാമ്പ്യന്‍സ്‌ ട്രോഫി ഫൈനലില്‍.

ദുബായ്‌ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തില്‍ ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്‌ത ഓസ്‌ട്രേലിയ 49.3 ഓവറില്‍ 264 റണ്ണിന്‌ എല്ലാവരും പുറത്തായി. 14-ാം തവണയും ഇന്ത്യക്ക്‌ ഏകദിനത്തില്‍ ടോസ്‌ നഷ്‌ടമാകുന്നതിനും ദുബായ്‌ സാക്ഷ്യം വഹിച്ചു. മറുപടി പറഞ്ഞ ഇന്ത്യ വിരാട്‌ കോഹ്ലിയുടെ വീരോചിത ഇന്നിങ്‌സിന്റെ പിന്‍ബലത്തില്‍ 11 പന്ത്‌ ബാക്കിനില്‍ക്കെ ആറുവിക്കറ്റ്‌ നഷ്‌ടപ്പെടുത്തി ലക്ഷ്യം കണ്ടു.
98 പന്തില്‍ അഞ്ചു ഫോര്‍ ഉള്‍പ്പെടെ 84 റണ്ണടിച്ച്‌ ചേസിങ്ങില്‍ ഇന്ത്യയുടെ നട്ടെല്ലായ വിരാട്‌ കോഹ്ലി കളിയിലെ കേമനായി. ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ ശിഖര്‍ ധവാനെ (701) മറികടന്ന്‌ ഇന്ത്യയുടെ മുന്‍നിര റണ്‍വേട്ടക്കാരനായും കോഹ്ലി (746) മാറി.

ഗ്ലെന്‍ മാക്‌സ്വെല്ലിനെ സിക്‌സിനു പറത്തി കെ.എല്‍. രാഹുല്‍ ടീമിനു രാജകീയ ജയം സമ്മാനിച്ചൂ. 34 പന്തില്‍ രണ്ടുവീതം സിക്‌സും ഫോറും പറത്തി 42 റണ്ണുമായി പുറത്താകാതെനിന്ന രാഹുലിനു കൂട്ടായി രവീന്ദ്ര ജഡേജ (രണ്ട്‌)യായിരുന്നു വിജയറണ്ണടിക്കുമ്പോള്‍ ക്രീസില്‍.

കോഹ്ലിയൊഴികെ മറ്റൊരു ഇന്ത്യന്‍ താരത്തിനും അര്‍ധസെഞ്ചുറി പിന്നിടാനായില്ലെങ്കിലും ശ്രേയസ്‌ അയ്യര്‍ (45), അക്‌സര്‍ പട്ടേല്‍ (27), ഹാര്‍ദിക്‌ പാണ്ഡ്യ (24 പന്തില്‍ 28), നായകന്‍ രോഹിത്‌ ശര്‍മ (28) എന്നിവര്‍ തിളങ്ങി. ശുഭ്‌മന്‍ ഗില്‍ എട്ടുറണ്ണുമായി പുറത്തായശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവും വിജയവും. ഇത്‌ അഞ്ചാംവട്ടമാണ്‌ ടീം ചാമ്പ്യന്‍സ്‌ ട്രോഫി ഫൈനലില്‍ കടക്കുന്നത്‌. നേരത്തെ മൂന്നു വിക്കറ്റ്‌ വീഴ്‌ത്തിയ മുഹമ്മദ്‌ ഷമി, രണ്ടുവീതം വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തി, രവീന്ദ്ര ജഡേജ എന്നിവരുടെ മികച്ച പ്രകടനമാണ്‌ ഓസീസിനെ 264-ല്‍ ഓള്‍ ഔട്ടാക്കാന്‍ ഇന്ത്യയെ സഹായിച്ചത്‌.
ഇന്നു നടക്കുന്ന ദക്ഷിണാഫ്രിക്ക-ന്യൂസിലന്‍ഡ്‌ രണ്ടാം സെമിഫൈനലിലെ വിജയികളാണ്‌ ഒന്‍പതിനു ദുബായിയില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യയുടെ എതിരാളി. തരക്കേടില്ലാത്ത സ്‌കോറിലേക്കു ബാറ്റേന്തിയ ഇന്ത്യക്ക്‌ അഞ്ചാം ഓവറില്‍ ഗില്ലിന്റെ രൂപത്തില്‍ ആദ്യവിക്കറ്റ്‌ നഷ്‌ടമായി. ഗില്ലിന്റെ കുറ്റി ബെന്‍ ഡ്വാര്‍ഷൂയിസ്‌ പിഴുതു. പിന്നീടെത്തിയ കോഹ്ലിയുമായി ചേര്‍ന്ന്‌ നായകന്‍ രോഹിത്‌ ശര്‍മ ഇന്നിങ്‌സ് കെട്ടിപ്പടുത്തു.
കൂപ്പര്‍ കൊണോലിയുടെ സ്‌പിന്നില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി രോഹിത്‌ കൂടാരം കയറിയെങ്കിലും ഫോമിലുള്ള ശ്രേയസ്‌ അയ്യര്‍ തകര്‍പ്പന്‍ പ്രകടനവുമായി കോഹ്ലിക്കു പറ്റിയ കൂട്ടായി. 27-ാം ഓവറില്‍ ടീം സ്‌കോര്‍ 134-ല്‍ അയ്യര്‍ ആദം സാംപയ്‌ക്കു കീഴടങ്ങി. 62 പന്തില്‍ മൂന്നു ഫോര്‍ അടക്കം താരം 45 റണ്ണടിച്ചൂ.
അഞ്ചാമനായെത്തിയ അക്‌സര്‍ പട്ടേല്‍ ഒന്നുവീതം ഫോറും സിക്‌സും പറത്തി 30 പന്തില്‍ 27 റണ്ണുമായി നഥാന്‍ എല്ലിസിനു മുന്നില്‍ വീഴുമ്പോള്‍ ടീം സ്‌കോര്‍ 34.6 ഓവറില്‍ 178 റണ്‍. അര്‍ധസെഞ്ചുറി തികച്ചു മുന്നേറിയ കോഹ്ലിയുടെ ഊഴമായിരുന്നു അടുത്തത്‌. സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ സാംപയുടെ പന്തില്‍ ഡ്വാര്‍ഷൂയിസ്‌ പിടിച്ച്‌ കോഹ്ലി പുറത്ത്‌.
ഈഘട്ടത്തില്‍ നേരിയ സമ്മര്‍ദം അഭിമുഖീകരിക്കേണ്ടിവന്നെങ്കിലും ഹാര്‍ദിക്‌ പാണ്ഡ്യയുടെ സിക്‌സറുകള്‍ ഇന്ത്യയുടെ രക്ഷയ്‌ക്കെത്തി. ജയത്തിന്‌ ആറു റണ്ണകലെ അമിതാവേശം കാട്ടി പാണ്ഡ്യ പുറത്തായെങ്കിലും രാഹുലും ജഡേജയും ചേര്‍ന്ന്‌ ടീമിനെ 48.1 ഓവറില്‍ ലക്ഷ്യത്തിലെത്തിച്ചു.
നേരത്തെ്‌ ആദ്യം ബാറ്റ്‌ ചെയ്‌ത ഓസ്‌ട്രേലിയയ്‌ക്ക് ഓപ്പണര്‍ കൂപ്പര്‍ കൊണോലി (പൂജ്യം)യെ ക്ലീന്‍ ബൗള്‍ഡാക്കി മുഹമ്മദ്‌ ഷമി ആദ്യപ്രഹരമേല്‍പ്പിച്ചു. ഇന്ത്യക്ക്‌ എന്നും തലവേദനയായ ട്രാവിസ്‌ ഹെഡും നായകന്‍ സ്‌റ്റീവന്‍ സ്‌മിത്തും ചേര്‍ന്ന്‌ തകര്‍ത്തടിച്ചതോടെ സ്‌കോര്‍ കുതിച്ചു. എന്നാല്‍, വരുണ്‍ ചക്രവര്‍ത്തി 39 റണ്ണടിച്ച ഹെഡിനെ ഗില്ലിന്റെ കൈകളിലെത്തിച്ചു. മാര്‍നസ്‌ ലബുഷെയ്‌നി (29)നെയും ജോഷ്‌ ഇന്‍ഗ്ലിസിനിനെയും മടക്കി രവീന്ദ്ര ജഡേജ ഇന്ത്യയെ മത്സരത്തിലേക്കു തിരികെയെത്തിച്ചു.
എന്നാല്‍, അര്‍ധസെഞ്ചുറി തികച്ച സ്‌റ്റീവന്‍ സ്‌മിത്ത്‌ (96) പന്തില്‍ 73), അലക്‌സ് കാരി (57 പന്തില്‍ 61) എന്നിവരുടെ മികവ്‌ ഓസീസിനെ മുന്നൂറു കടത്തുമെന്നു തോന്നിപ്പിച്ചു. നിയന്ത്രണത്തോടെ പന്തെറിഞ്ഞ ബൗളര്‍മാരും മികച്ച്‌ ഫീല്‍ഡിങ്ങും ഇന്ത്യക്കു തുണയായി. 37-ാം ഓവറില്‍ സ്‌മിത്തിനെ ഷാമി മടക്കി.
ഗ്ലെന്‍ മാക്‌സ്വെല്‍ (ഏഴ്‌) അക്‌സര്‍ പട്ടേലിനു കീഴടങ്ങിയപ്പോള്‍ ബെന്‍ ഡ്വാര്‍ഷൂയിസി (19)നെ വരുണ്‍ ചക്രവര്‍ത്തി കൂടാരം കയറ്റി. അപകടകാരിയായ അലക്‌സ് കാരിയെ അയ്യര്‍ റണ്ണൗട്ടാക്കി. നഥാന്‍ എല്ലിസ്‌ (10) നെ ഷാമിയുടെ പന്തില്‍ കോഹ്ലി കൈപ്പിടിയിലാക്കി. 49.3 ഓവറില്‍ 264 ന്‌ എല്ലാവരും പുറത്താകുമ്പോള്‍ തന്‍വീര്‍ സംഗ ഒരു റണ്ണുമായി പ്രതിരോധിച്ചുനിന്നു.



By admin