• Sat. Feb 8th, 2025

24×7 Live News

Apdin News

Chanakya’s tactics in Delhi elections; Rajiv Chandrasekhari played a crucial role | ഡൽഹി തെരഞ്ഞെടുപ്പിലെ ചാണക്യ തന്ത്രങ്ങൾ; നിർണായക പങ്കുവഹിച്ച രാജീവ് ചന്ദ്രശേഖറിന് മറ്റൊരു പൊൻ തൂവൽ, അടുത്ത ദൗത്യം കേരളത്തില്‍ ?

Byadmin

Feb 8, 2025


രാജീവ് ചന്ദ്രശേഖറിലൂടെ ഡൽഹി പോലെ തന്നെ കേരളത്തിലും അധികാരം പിടിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ബി.ജെ.പി ദേശീയ നേതൃത്വം. കേരളത്തിൽ ബി.ജെ.പി വളരണമെങ്കിൽ രാജീവ് ചന്ദ്രശേഖർ തന്നെ തലപ്പത്ത് വരണമെന്നാണ് ദേശീയ നേതൃത്വം കരുതുന്നത്.

kerala

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ അട്ടിമറി വിജയത്തോടെ പാർട്ടിയിൽ കൂടുതൽ കരുത്തനായിരിക്കുകയാണ് രാജീവ് ചന്ദ്രശേഖർ. 28 വർഷങ്ങൾക്ക് ശേഷം ഡൽഹിയിൽ ഭരണം തിരിച്ചുപിടിച്ചതിന് പിന്നിൽ രാജീവ് ചന്ദ്രശേഖറിന്റെ ചാണക്യ തന്ത്രങ്ങളായിരുന്നു.

രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ എ.എ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ പതിനെട്ടടവും പയറ്റുന്ന ബി.ജെ.പിയെയാണ് ഇക്കുറി തുടക്കം മുതൽ കണ്ടത്. യമുനയും രാമായണവുമടക്കം വിഷയങ്ങൾ അതിവിദഗ്ദമായാണ് ബി.ജെ.പി കൈകാര്യം ചെയ്തത്. ഇതിനിടെയാണ് എ.എ.പി എം എൽ എ മാരുടെ കൂട്ട രാജി. അതും നേട്ടമാക്കാൻ ബി.ജെ.പിക്ക് സാധിച്ചു. മധ്യവർഗക്കാർ തിങ്ങി പാർക്കുന്ന ഡൽഹിയിൽ ഇത്തവണത്തെ കേന്ദ്ര ബജറ്റും വലിയ സ്വാധീനം ചെലുത്തി.

മുമ്പെങ്ങും ഇല്ലാത്ത വിധം ആരോപണങ്ങളും പ്രത്യാരോപണങ്ങളും നിറഞ്ഞ തെരഞ്ഞെടുപ്പിനാണ് ഡൽഹി സാക്ഷ്യം വഹിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം അരവിന്ദ് കെജ്രിവാളാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. വനവാസകാലത്ത് സീതയെ തട്ടിക്കൊണ്ടുപോകാൻ രാവണൻ അയച്ച സ്വർണ മാനിനെപ്പോലെയാണ് ബി.ജെ.പി.യെന്നായിരുന്നു മുൻ മുഖ്യമന്ത്രിയുടെ വിമർശനം.

എന്നാൽ ഈ ആരോപണത്തെ മറികടക്കാൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ബി.ജെ.പി സ്വീകരിച്ച മാർഗം വ്യത്യസ്തമായിരുന്നു. രാമായണത്തെ കെജ്‌രിവാൾ അവഹേളിച്ചെന്ന കുറ്റപ്പെടുത്തലുമായി എത്തി കെജ്‌രിവാളിന്റെ ഹിന്ദുവിരുദ്ധത തുറന്നു കാട്ടുകയായിരുന്നു.

ഇതിന്പിന്നാലെ പ്രായശ്ചിത്ത പ്രാർഥനയുമായി ബി.ജെ.പി നേതാക്കൾ ഡൽഹിയിലെ ഹനുമാൻ ക്ഷേത്രത്തിലെത്തി. അതിനും മറുപടിയുമായി കെജ്രിവാൾ കളം പിടിക്കാൻ ശ്രമം നടത്തിയെങ്കിലും അതും പാളി. രാവണനെ ന്യായീകരിക്കുന്ന അസുരപ്രേമികളായി ബി.ജെ.പി. നേതാക്കൾ മാറിയെന്നായിരുന്നു കെജ്രിവാളിന്റെ അടുത്ത പ്രസ്താവന. അതിനേയും രാഷ്ട്രീയമായി തന്നെ നേരിടുകയായിരുന്നു ബി.ജെ.പി ചെയ്തത്.

അരവിന്ദ് കെജ്‌രിവാളിന്റെ മണ്ഡലമായ ന്യൂഡൽഹിയിൽ ബി.ജെ.പി. സ്ഥാനാർഥി പർവേഷ് വർമ പഞ്ചാബികളെ അപമാനിച്ചെനായിരുന്നു മറ്റൊരു ആരോപണം. എന്നാൽ അതിനും ശക്തമായ മറുപടി നൽകി. പഞ്ചാബിൽ നിന്നും വന്ന എ.എ.പി നേതാക്കളുടെ അധികാര ദുർവിനിയോഗത്തെയാണ് വിമർശിച്ചതെന്ന് വോട്ടർമാരെ പറഞ്ഞ് മനസിലാക്കാൻ ബിജെപിക്കായി.

ഹരിയാന യമുനാനദിയിൽ വ്യവസായ മാലിന്യം തള്ളുന്നെന്നും അമോണിയ കലർത്തുന്നു എന്നുമായിരുന്നു എ.എ.പി തൊടുത്തുവിട്ട വേറൊരു ആരോപണം. യമുന വിവാദത്തിന് തിരികൊളുത്തിയത് മുഖ്യമന്ത്രി അതിഷിയായിരുന്നു. വെള്ളത്തിൽ വിഷം കലർത്തി ഡൽഹിക്കാരെ കൊല്ലാനുള്ള നീക്കമാണ് ഹരിയാണയിലെ ബി.ജെ.പി. നടത്തുന്നതെന്ന് കെജ്‌രിവാൾ കൂടി പറഞ്ഞതോടെ വിവാദം ആളിക്കത്തി.

യമുന വൃത്തിയാക്കുമെന്നു തെരഞ്ഞെടുപ്പ് വാഗ്ദാനം നടത്തി 2020-ൽ അധികാരത്തിലേറിയ ആം ആദ്മി സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് ബി.ജെ.പി തിരിച്ചടിച്ചു.

തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ 18 സിറ്റിങ് എംഎൽഎമാർക്ക് സീറ്റ് നിഷേധിച്ചിരുന്നു. ഇതിൽ എട്ട് പേരെ ബി.ജെ.പിയിലേക്ക് എത്തിക്കാൻ സാധിച്ചതും രാജീവിന്റെ മിടുക്ക് തന്നെ. എഎപി ജനങ്ങളിൽ നിന്ന് അകന്നെന്നും പാർട്ടിയുടെ അടിസ്ഥാന ആദർശങ്ങളിൽ നിന്ന് വ്യതിചലിച്ചെന്നും രാജിവെച്ചവർ പറഞ്ഞതോടെ ആപ്പിന്റെ ഭരണമോഹങ്ങൾക്ക് അവസാനമായി.

മധ്യവർഗക്കാർക്കുവേണ്ടി പ്രത്യേക പ്രകടനപത്രികയുമായാണ് ആം ആദ്മി പാർട്ടി ഡൽഹി തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ കേന്ദ്ര ബജറ്റിൽ ആദായനികുതി പരിധി 12 ലക്ഷമാക്കി ഉയർത്തിക്കൊണ്ടുള്ള വമ്പൻ പ്രഖ്യാപനം വന്നതോടെ അക്കാര്യത്തിലും തീരുമാനമായി. രാജ്യത്തെ മധ്യവർഗക്കാർ കേന്ദ്രസർക്കാരിന്റെ നികുതിഭീകരവാദത്തിന്റെ ഇരകളാണെന്ന് വിശേഷിപ്പിച്ചാണ് അരവിന്ദ് കെജ്‌രിവാൾ ഇക്കുറി പ്രകടന പത്രികയിറക്കിയത്.

ആദായ നികുതി സ്ലാബ് നിലവിൽ വന്നതിനുശേഷമുള്ള ഏറ്റവും വലിയ ഇളവ് നൽകിയാണ് ഇതിനെ നേരിട്ടത്. റിബേറ്റടക്കം 12.75 ലക്ഷം വരെ വരുമാനമുള്ളവർ നികുതിയടക്കേണ്ട എന്ന പ്രഖ്യാപനം വന്നതോടെ അരവിന്ദ് കെജ്‌രിവാളിന്റെ പ്രകടന പത്രിക ആവിയായി.

എന്തായാലും വമ്പൻ ജയത്തോടെ ബി.ജെ.പി അധികാരത്തിലെത്തി. അതിന് ചുക്കാൻ പിടിച്ച രാജീവ് ചന്ദ്രശേഖറിന്റെ അടുത്ത ദൗത്യം കേരളത്തിലാണ്. ഡൽഹിയിലെ നേതൃപാടവം രാജീവ് ചന്ദ്രശേഖറിനെ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാർഥി ആക്കും എന്നാണ് പുറത്തു വരുന്ന വിവരം.

രാജീവ് ചന്ദ്രശേഖറിലൂടെ ഡൽഹി പോലെ തന്നെ കേരളത്തിലും അധികാരം പിടിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ബി.ജെ.പി ദേശീയ നേതൃത്വം. കേരളത്തിൽ ബി.ജെ.പി വളരണമെങ്കിൽ രാജീവ് ചന്ദ്രശേഖർ തന്നെ തലപ്പത്ത് വരണമെന്നാണ് ദേശീയ നേതൃത്വം കരുതുന്നത്.

എല്ലാ വിഭാഗത്തെയും ആകർഷിക്കാൻ പറ്റുന്ന നേതാവ്, ജനസമ്മതൻ, നേതൃപാടവം ഇവയെല്ലാം ഒത്തിണങ്ങിയ ആൾ തന്നെ
സംസ്ഥാന പ്രസിഡന്റായി വരണമെന്ന നിലപാടിലാണ് ബി.ജെ.പി ദേശീയ നേതൃത്വം. അതുകൊണ്ട് തന്നെ കേന്ദ്ര നേതൃത്വവും ആർ.എസ്.എഎസും ഉറ്റുനോക്കുന്നതും രാജീവ് ചന്ദ്രശേഖറിനെ തന്നെയാണ്.

കേരളംപോലെ സാക്ഷരതയിൽ മുൻപന്തിയിലുള്ള ഒരു സംസ്ഥാനത്ത് രാജീവ് ചന്ദ്രശേഖറിനെ പോലെ ഒരു നേതാവിനെ അധ്യക്ഷ സ്ഥാനത്ത് എത്തിച്ചാൽ മാത്രമെ ബിജെപി കേരളത്തിൽ വേരുറക്കുകയുള്ളു. കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് രാജീവ് കാഴ്ചവെച്ച മികച്ച പ്രവർത്തനങ്ങൾ ഇതിന് തെളിവാണ്.

കേരളത്തിൽ കൃഷി, ആരോഗ്യം, സ്റ്റാർട്ട് അപ്പുകൾ തുടങ്ങി വിവിധ കേന്ദ്രസർക്കാർ പദ്ധതികൾ ഗുണഭോക്താക്കളിലേക്ക് എത്തിക്കാനും അതുവഴി കൂടുതൽ ആളുകളെ പാർട്ടിയിലേക്ക് എത്തിക്കാനും രാജീവിനാകും എന്നാണ് ദേശീയ നേതൃത്വത്തിൻ്റെ വിശ്വാസം.

ഇത്തരം കാര്യങ്ങൾക്ക് എല്ലാം രാജിവ് ചന്ദ്രശേഖരിന്റെ നേതൃത്വം ഗുണം ചെയ്യുമെന്നുതന്നെയാണ് പൊതുവെയുള്ള വിലയിരുത്തൽ. സർക്കാരിന്റെ വികസന പദ്ധതികൾ സംസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിന് തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തനം വിപുലികരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ദേശീയ നേതൃത്വം കരുതും പോലെ കാര്യങ്ങൾ നടന്നാൽ സംസ്ഥാന ബി.ജെ.പിയിൽ ഇനി വരാനിരിക്കുന്നത് രാജീവ് ചന്ദ്രശേഖറിന്റെ കാലമായിരിക്കും.



By admin