ആതുരസേവന രംഗത്ത് ഇറങ്ങേണ്ട അഞ്ച് നഴ്സിങ്ങ് വിദ്യാർത്ഥികളുടെ കണ്ണിൽ ചോരയില്ലാത്ത ക്രൂരത

കോട്ടയം ഗവൺമെന്റ് നഴ്സിങ്ങ് കോളേജിൽ നടന്ന റാഗിങ്ങ് കൊടുംക്രൂരതയെന്ന് കുറ്റപത്രം. ഇരകളാക്കപ്പെട്ട വിദ്യാത്ഥികളെ കേസിലെ അഞ്ച് പ്രതികളും ചേർന്ന് നാല് മാസത്തിലധികം തുടർച്ചയായി പീഡിപ്പിച്ചതായി പോലീസ് അന്വേഷണത്തിലെ കണ്ടെത്തി. അന്വേഷണ സംഘം ഏറ്റുമാനൂർ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
ആതുരസേവന രംഗത്ത് ഇറങ്ങേണ്ട അഞ്ച് നഴ്സിങ്ങ് വിദ്യാർത്ഥികളുടെ കണ്ണിൽ ചോരയില്ലാത്ത ക്രൂരത. ഹോസ്റ്റൽ മുറിയിൽ ജൂനിയർ വിദ്യാത്ഥികളെ സംഘം ചേർന്ന് പീഡിപ്പിച്ച പ്രതികൾ കെ പി രാഹുൽരാജ്, റിജിൽ ജിത്ത്, സാമുവൽ ജോൺസൺ, എൻ. വി. വിവേക്, എൻ എസ് ജീവ. കഴിഞ്ഞ നവംബർ മുതൽ തുടങ്ങിയതാണ് റാഗിങ്ങ് ഭീകരത. ഫെബ്രുവരി 11 ന് പിടിയിലാകുന്നതിന് മുമ്പ് വരെ പ്രതികൾ ക്രൂരത തുടർന്നു.
നിരന്തരം ലഹരി ഉപയോഗിക്കുന്ന പ്രതികൾ ജൂനിയർ വിദ്യാർത്ഥികളെ ഉപദ്രവിക്കുന്നതിലൂടെയാണ് ആനന്ദം കണ്ടെത്തിയിരുന്നത്. ദേഹോപദ്രവമേറ്റ് വേദന കൊണ്ട് ഇരകളായവർ പുളയുമ്പോൾ ദൃശ്യങ്ങൾ പകർത്തിയും പ്രതികൾ സന്തോഷം കണ്ടെത്തി. നടന്ന സംഭവങ്ങൾ പുറത്ത് പറയാതിരിക്കാൻ പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നതായും കുറ്റപത്രത്തിൽ പറയുന്നു.
പ്രതികൾ തന്നെ പകർത്തിയ പീഡനത്തിന്‍റെ ദൃശ്യങ്ങളാണ് കേസിലെ നിർണായക തെളിവ്. തുടർച്ചയായ റാഗിങ്ങ് സ്ഥിരീകരിക്കുന്ന വിവരങ്ങളും പ്രതികളുടെ ഫോണിൽ നിന്ന് കിട്ടിയിട്ടുണ്ട്. 40 സാക്ഷികളേയും 32 രേഖകളും കുറ്റപത്രത്തിനൊപ്പമുണ്ട്. ഗാന്ധിനഗർ എസ്എച്ച്ഒ ടി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം 45 ദിവസം കൊണ്ടാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം തയ്യാറിക്കിയത്.