കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഋതു കൊലപാതകത്തിന് ശേഷവും നടന്നത് യാതൊരു കൂസലുമില്ലാതെ. സംഭവത്തിന് ശേഷം ബൈക്കില്‍ സിഗററ്റും വലിച്ചുകൊണ്ടുപോകുമ്പോള്‍ താന്‍ നാലുപേരെ കൊലപ്പെടുത്തിയെന്ന് വഴിയില്‍ കണ്ടവരോട് പറയുകയും ചെയ്തു. ഋതു സ്ഥിരം പ്രശ്‌നക്കാരനായിരുന്നെന്നാണ് പ്രദേശവാസികളും പറയുന്നത്.
മദ്യത്തിനും മയക്കുമരുന്നിനും ലഹരിക്കും അടിമയായിരുന്നെന്നും പ്രദേശത്തെ സ്ത്രീകളെ പലരീതിയില്‍ ശല്യം ചെയ്തിരുന്നതായും നാട്ടുകാര്‍ പറയുന്നു. രാത്രി സമീപത്തെ വീടുകളുടെ ടെറസില്‍ കയറി കിടക്കും. സ്ത്രീകളെ ജനലിലൂടെ വിളിച്ചു ശല്യം ചെയ്യുമെന്നുമാണ് ഋതുവിനെതിരേ ഉയര്‍ന്നിട്ടുള്ള പ്രധാന ആരോപണം. സ്ത്രീകളെ സ്ഥിരമായി ശല്യം ചെയ്യുന്ന ആളാണെന്ന് നേരത്തെ നാട്ടുകാര്‍ പരാതി പറഞ്ഞിരുന്നു.
അയല്‍പക്കത്തെ സ്ത്രീയുടെ ഫോണ്‍ നമ്പര്‍ സുഹൃത്തുക്കള്‍ക്ക് നല്‍കുകയും രാത്രി സുഹൃത്തുക്കള്‍ വഴി ഫോണില്‍ വിളിച്ചു ശല്യം ചെയ്യുകയും പതിവായിരുന്നു. ഒളിഞ്ഞു നോട്ടവും അശ്ലീലം പറയലും ഉണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. കൊല്ലപ്പെട്ട വിനീഷയെ ഋതുവിന്റെ സുഹൃത്തുക്കളുടെ പേര് ചേര്‍ത്ത് പറഞ്ഞിരുന്നു. ഇത് ജിതിന്‍ ചോദ്യം ചെയ്തു. ഈ വിഷയത്തില്‍ ഇരവരും തര്‍ക്കമുണ്ടായിരുന്നു.
അതേസമയം ചികിത്സയിലുള്ള ജിതിന്റെ നില ഗുരുതരമായി തുടരുകയാണ്. ശസ്ത്രക്രിയ വിജയം ആയോ എന്നറിയാന്‍ 48 മണിക്കൂര്‍ കഴിയണം. ഇന്നലെ ഉച്ചയ്ക്കാണ് ശസ്ത്രക്രിയ നടന്നത്. ജിതിന്‍ ഇപ്പോഴും ന്യൂറോ സര്‍ജിക്കല്‍ ഐസിയുവില്‍ തുടരുകയാണ്.