തൃശൂര്‍; വയനാട്ടില്‍ പഴയഅരി വിതരണം ചെയ്തത് പ്രാദേശിക ഭരണകൂടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത് ഗുരുതരമായ വിഷയമാണെന്നും എന്താണ് അവരുടെ ഉദ്ദേശമെന്ന് വിജിലന്‍സ് അന്വേഷണത്തിലൂടെ വ്യക്തമാകുമെന്നും പിണറായി വിജയന് പറഞ്ഞു.
‘ഒരു പഴയതും കൊടുക്കാന്‍ പാടില്ല എന്ന സമീപനം സ്വീകരിച്ച സര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കേണ്ട ഒരു പ്രാദേശിക ഭരണകൂടം, അവരാണ് പഴയ സാധനങ്ങള്‍ വിതരണം ചെയ്തു എന്ന് കേള്‍ക്കുന്നത്. ഗുരുതരമായ പ്രശ്നമാണ്. അത് അന്വേഷിക്കുന്നുണ്ട്. അന്വേഷണം നടക്കുന്നത് കൊണ്ട് കൂടുതല്‍ വിശദാംശങ്ങളിലേക്ക് ഞാന്‍ പോകുന്നില്ല. ഏതായാലും സര്‍ക്കാര്‍ അത്തരത്തിലുള്ള ഒന്നും സമ്മതിക്കില്ല. തീര്‍ത്തും നിയമവിരുദ്ധമായ, നല്കിയ നിര്‍ദേശങ്ങള്‍ക്ക് വിപരീതമായ നടപടികളാണ് അവിടെ ഉണ്ടായിരിക്കുന്നത്.’- ചേലക്കരയില്‍ ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്.