
കോഴിക്കോട്: കോഴിക്കോട് സൈനിക സ്‌കൂളില്‍ നിന്ന് കുട്ടിയെ കാണാതായ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമായി തുടരുന്നു. പൂനെ ധന്‍ബാദ് മേഖലകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. ആത്മഹത്യ ചെയ്യില്ലെന്നും ജോലി ചെയ്തു ജീവിക്കുമെന്നും കുട്ടി കൂട്ടുകാരോട് പറഞ്ഞിരുന്നതായും വിവരം ഉണ്ട്. അതേസമയം കുട്ടിയെ കാണാതായതില്‍ ഹോസ്റ്റലില്‍ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ അനില്‍കുമാര്‍ വ്യക്തമാക്കി. ഹോസ്റ്റല്‍ പൂട്ടി താക്കോല്‍ തന്റെ കയ്യിലായിരുന്നുവെന്നും കുട്ടിയുടെ കൈവശമുള്ളത് അത്യാവശ്യമുള്ള വസ്ത്രം മാത്രമാണെന്നും അനില്‍കുമാര്‍ പറഞ്ഞു.
ഈ മാസം 24നാണ് ബീഹാര്‍ സ്വദേശിയായ 13കാരനെ സ്‌കൂളില്‍ നിന്ന് കാണാതായത്. അതിസാഹസികമായാണു കുട്ടി ഹോസ്റ്റലില്‍നിന്നു രക്ഷപ്പെട്ടതെന്നു സ്‌കൂള്‍ അധികൃതരും പറഞ്ഞു. പുലര്‍ച്ചെ ഒരു മണിയോടെ ഹോസ്റ്റലിന്റെ ഒന്നാം നിലയില്‍നിന്നു കേബിളില്‍ പിടിച്ചിറങ്ങിയ കുട്ടി താഴേക്ക് എറിഞ്ഞ കിടക്കയിലേക്ക് ചാടിയാണ് പുറത്തുപോയത്. കുട്ടിയുടെ കൈവശം രണ്ടായിരത്തോളം രൂപ ഉണ്ടായിരുന്നു. മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നില്ല. ബിഹാറിലുള്ള രക്ഷിതാക്കള്‍ക്കും കുട്ടിയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. നിലവില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും മറ്റും കുട്ടിക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.