വന്‍നഗരങ്ങളില്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് ചൂതാട്ടവും മറ്റും നടത്തുന്നവരാണ് വായ്‌പ വാഗ്‌ദാനം ചെയ്യുന്ന ചൈനീസ് ലോണ്‍ ആപ് തട്ടിപ്പുകള്‍ക്കു ചരടുവലിക്കുന്നതെന്ന നിഗമനം ശക്‌തമായി.

കൊച്ചി: ഇന്ത്യയിലെ വന്‍നഗരങ്ങളില്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് ചൂതാട്ടവും മറ്റും നടത്തുന്നവരാണ് വായ്‌പ വാഗ്‌ദാനം ചെയ്യുന്ന ചൈനീസ് ലോണ്‍ ആപ് തട്ടിപ്പുകള്‍ക്കു ചരടുവലിക്കുന്നതെന്ന നിഗമനം ശക്‌തമായി. ലോണ്‍ ആപ് കേസില്‍ രണ്ടു മലയാളികളെക്കൂടി അറസ്‌റ്റ് ചെയ്‌തതോടെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം വിദേശത്തേക്കു വ്യാപിപ്പിക്കുകയാണ്.ഇതിനിടെയാണ് കേസില്‍ ഇതര സംസ്‌ഥാനങ്ങള്‍ കേന്ദ്രീകരിച്ചും തെരച്ചിലിനു വഴിയൊരുങ്ങുന്നത്.
സൈബര്‍ കുറ്റകൃത്യങ്ങളുടെ പട്ടികയിലെ ഏറ്റവും വലിയ സാമ്പത്തിക കൊള്ളകളിലൊന്നെന്നാണ് ലോണ്‍ ആപ്പ് തട്ടിപ്പിനെ ഇ.ഡി. തന്നെ വിശേഷിച്ചത്. ഇന്ത്യയിലേക്ക് അനധികൃതമായി നുഴഞ്ഞുകയറുന്ന ചൈനീസ് പൗരന്മാരുടെ സഹായം തട്ടിപ്പുകാര്‍ക്കു ലഭിക്കുന്നുണ്ടാകാമെന്ന് ഇ.ഡി. സംശയിക്കുന്നു. നവംബറില്‍ ലക്‌നൗവില്‍ ഒരു ചൈനീസ് പൗരന്‍ പിടിയിലായതോടെയാണ് ഇതു സംബന്ധിച്ച സൂചന ലഭിച്ചത്. ഇയാളുടെ നാലുകോടിയോളം രൂപയുടെ സ്വത്ത് ഇ.ഡി. കണ്ടെത്തിയിരുന്നു.
ഒരേ വിലാസത്തില്‍നിന്ന് ഷെല്‍കമ്പനി മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ പേരില്‍ ലോണ്‍ ആപ് ഓപറേറ്റേഴ്‌സ് പ്രവര്‍ത്തിക്കുന്നതായി ഇ.ഡി. മുന്നറിയിപ്പു നല്‍കിയിട്ടും 1600 കോടി രൂപയുടെ തട്ടിപ്പു നടത്താന്‍ കഴിഞ്ഞു. വായ്‌പ തിരിച്ചടവിനുള്ള ഇ.എം.ഐ. അഡ്വാന്‍സ് എന്ന പേരിലാണ് ലോണ്‍ ആപുകള്‍ വഴി പണം പിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ ഒഴിവാക്കിയാണു തട്ടിപ്പ്.
വ്യാജ ഓപറേറ്റര്‍മാര്‍ വി ചാറ്റ്, ഡിംഗ് ടോക്, ജി.ബി വാട്‌സ് എന്നിങ്ങനെ സമൂഹ മാധ്യമ ആപ്പുകള്‍ വഴി അഞ്ചുവര്‍ഷം മുമ്പുതന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിത്തുടങ്ങിയിരുന്നു. യഥാര്‍ത്ഥ വാട്‌സാപ് ക്ലോണ്‍ ചെയ്‌താണ് ജി.ബി. വാട്‌സാപ് സൃഷ്‌ടിക്കുന്നത്.തുടര്‍ന്ന് വായ്‌പയ്‌ക്കായി ബന്ധപ്പെടുന്നവരുടെ മൊബൈല്‍ ഫോണില്‍നിന്ന് സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ച് അക്കൗണ്ട് ഉടമകളെ ബ്ലാക്‌മെയില്‍ ചെയ്യുകയാണുരീതി. ലോണ്‍ ആപ്പില്‍ രജിസ്‌റ്റര്‍ ചെയ്യുമ്പോള്‍ ഫോണിന്റെ നിയന്ത്രണം പ്രതികള്‍ കൈക്കലാക്കും. മോര്‍ഫിങ്ങിലൂടെ നഗ്നചിത്രങ്ങള്‍ കാട്ടി ഇടപാടുകാരില്‍നിന്ന് വലിയ തുക തട്ടിയെടുക്കുകയാണ് ഇവരുടെ രീതി.
കേസില്‍ കൂടുതല്‍ പേര്‍ പിടിയിലാകുമെന്നാണ് ഇ.ഡി. ഉദ്യോഗസ്‌ഥര്‍ നല്‍കുന്ന സൂചന. തട്ടിപ്പിന് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നുകൊടുത്ത കോഴിക്കോട് സ്വദേശി സയ്യിദ് മുഹമ്മദ്, ഫോര്‍ട്ട് കൊച്ചി സ്വദേശി ടി.ജി. വര്‍ഗീസ് എന്നിവരാണ് അറസ്‌റ്റിലായത്.ഇതേ കേസില്‍ ജനുവരിയില്‍ നാലുപേര്‍ ഇ.ഡിയുടെ പിടിയിലായിരുന്നു. തട്ടിപ്പിന് ഇടനിലക്കാരായി നിന്നവര്‍ അഞ്ഞൂറിലേറെ ബാങ്ക് അക്കൗണ്ടുകളാണു തുറന്നത്. പണം സിംഗപ്പൂരിലേക്കു മാറ്റി ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപിച്ചതായാണു സംശയം.
കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ നാലുദിവത്തേക്ക് ഇഡിക്ക് കസ്‌റ്റഡിയില്‍ വിട്ടിട്ടുണ്ട്.
രാജു പോള്‍