
കോഴിക്കോട്: നിലവിലെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കു ക്രൈസ്‌തവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സാധിക്കുന്നില്ലെന്നും രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരണം സജീവപരിഗണനയിലെന്നും താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. ഇതുസംബന്ധിച്ച് സഭയ്‌ക്കുള്ളില്‍ വ്യത്യസ്‌താഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും ചര്‍ച്ചചെയ്‌ത് പരിഹരിക്കുമെന്ന് ആര്‍ച്ച് ബിഷപ് പറഞ്ഞു.
താമരശേരി രൂപത കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മുതലക്കുളം മൈതാനത്തു നടന്ന ക്രൈസ്‌തവ അവകാശപ്രഖ്യാപന റാലിയില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി റാലി ഉദ്‌ഘാടനം ചെയ്‌തു. വഖഫ് നിയമഭേദഗതി ബില്ലിനെ പിന്തുണച്ചതിന്റെ പേരില്‍ വര്‍ഗീയത ആരോപിച്ച് തങ്ങളെ നിശബ്‌ദരാക്കാമെന്നു കരുതേണ്ടെന്ന് മാര്‍ പാംപ്ലാനി മുന്നറിയിപ്പ് നല്‍കി. സാമൂഹികനീതിയുടെ വിഷയമായതിനാലാണ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യാന്‍ എം.പിമാരോട് ആവശ്യപ്പെട്ടത്.
എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. ആരും അപകടത്തില്‍പ്പെടരുത്. വഖഫ് ബോര്‍ഡ് വാദിയോ പ്രതിയോ ആയിവരുന്ന കേസുകളില്‍ അവര്‍തന്നെ വിധി പുറപ്പെടുവിക്കുന്ന സാഹചര്യമാണു ഭേദഗതി ബില്ലിലൂടെ ഇല്ലാതാകുന്നത്. സാമൂഹികനീതിയുടെ പ്രശ്‌നമാണെന്നു ബോധ്യമുള്ളതിനാലാണ് ബില്ലിനെ അനുകൂലിക്കുന്നത്. സമുദായത്തെ ഒരു പാര്‍ട്ടിക്കും തീറെഴുതിക്കൊടുത്തിട്ടില്ല. ജെ.ബി. കോശി റിപ്പോര്‍ട്ട് പുറത്തുവിടാത്തതു ക്രൈസ്‌തവരോടുള്ള അവഹേളനമാണ്. റിപ്പോര്‍ട്ട് വെളിച്ചം കാണണം. അതിലെ ശിപാര്‍ശകള്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകണം. അല്ലെങ്കില്‍ രാഷ്‌ട്രീയനിലപാടെടുക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും മാര്‍ പാംപ്ലാനി മുന്നറിയിപ്പ് നല്‍കി.
കുടിയിറക്കലിന്റെ വക്കിലാണു സമുദായമെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു. സര്‍ക്കാരിന്റെ നിയമങ്ങളും വന്യമൃഗങ്ങളുമാണ് ജനങ്ങളെ കുടിയിറക്കാന്‍ നോക്കുന്നത്. കാര്‍ഷികോത്‌പന്നങ്ങള്‍ക്കു വിലയില്ലാതാക്കിയ ആസിയാന്‍ കരാര്‍ തിരുത്തണം. പന്നിയിറച്ചി തെരഞ്ഞ് വനപാലകരാരും ഇനി വീടിനുള്ളിലേക്കു വരേണ്ട. ഇത് വനപാലകര്‍ക്കുള്ള മുന്നറിയിപ്പാണ്. കണ്ണില്ലാത്തതു വനംമന്ത്രിക്കാണ്. കഴിവില്ലെങ്കില്‍ അദ്ദേഹം രാജിവയ്‌ക്കണം. ആരോ എഴുതിക്കൊടുക്കുന്നതു നടപ്പാക്കുകയാണ് വനംമന്ത്രി.
10 വര്‍ഷത്തിനിടെ വന്യമൃഗ ആക്രമണത്തില്‍ 1500-ല്‍ അധികം ആളുകളാണു കൊല്ലപ്പെട്ടത്. കൃഷിക്കാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്‌ഥയാണ്. കാലാനുസൃതമായ മാറ്റം വരുത്താതെ, പഴയ നിയമങ്ങള്‍കൊണ്ട് ജനങ്ങളെ പീഡിപ്പിക്കുകയാണ്. അതിനാലാണ് അവകാശങ്ങള്‍ക്കുവേണ്ടി പോരാടേണ്ടിവരുന്നത്. രാഷ്‌ട്രീയകക്ഷി രൂപീകരണം വളരെ മുമ്പേ ആലോചനയുള്ളതാണ്.
പാവപ്പെട്ടവരായിപ്പോയി എന്നതുകൊണ്ട് ചൂഷണം ചെയ്യപ്പെടാന്‍ പാടില്ല. ജെ.ബി. കോശി റിപ്പോര്‍ട്ട് പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കണം. എത്ര തമസ്‌കരിച്ചാലും പോരാട്ടം തുടരും- മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു.താമരശേരി രൂപത കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പില്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് മലബാര്‍ ക്രിസ്‌ത്യന്‍ കോളജ് മൈതാനത്തുനിന്നു മുതലക്കുളം മൈതാനത്തേക്കു നടന്ന റാലിയില്‍ സ്‌ത്രീകള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്തു.