കയറ്റിറക്ക് യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനും മറ്റുമായി തൊഴിലുടമ ഇതര സംസ്‌ഥാനത്തൊഴിലാളികളുടെ സേവനം തേടിയതോടെ എതിര്‍പ്പുമായി സി.ഐ.ടി.യു. രംഗത്തെത്തി. നാലു ദിവസമായി സ്‌ഥാപനത്തിനു മുന്നില്‍ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ കുടില്‍കെട്ടി സമരം നടന്നുവരികയാണ്.

പാലക്കാട്: കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ നോക്കൂകൂലി പരാമര്‍ശം വിവാദമായതിനു പിന്നാലെ സി.ഐ.ടി.യുവിനെ പ്രതിക്കൂട്ടിലാക്കി ഷൊര്‍ണൂരില്‍ വ്യാപാരികളുടെ പ്രതിഷേധം പുകയുന്നു. ഷൊര്‍ണൂര്‍ കുളപ്പുള്ളിയില്‍ പ്രവര്‍ത്തിക്കുന്ന പ്രകാശ് സ്‌റ്റീല്‍സിലെ കയറ്റിറക്കു തര്‍ക്കവും സി.ഐ.ടി.യുവിന്റെ കുടില്‍കെട്ടി സമരവുമാണു വിവാദത്തിലേക്കു നീങ്ങുന്നത്.
സിമെന്റ് ഉള്‍പ്പെടെയുള്ള കെട്ടിടനിര്‍മ്മാണ സാമഗ്രികള്‍ വിതരണം ചെയ്യുന്ന സ്‌ഥാപനത്തില്‍ മൂന്നു മാസം മുമ്പു കയറ്റിറക്കു യന്ത്രം സ്‌ഥാപിച്ചതോടെയാണു പ്രശ്‌നങ്ങളുടെ തുടക്കം. സി.ഐ.ടി.യുവില്‍പ്പെട്ട ചുമട്ടുതൊഴിലാളികളാണ് അതുവരെ പ്രകാശ് സ്‌റ്റീല്‍സില്‍ കയറ്റിറക്കു നടത്തിയിരുന്നത്. കയറ്റിറക്ക് യന്ത്രത്തിനെതിരേ സി.ഐ.ടി.യു. രംഗത്തെത്തിയതോടെ സ്‌ഥാപന ഉടമ ജയപ്രകാശ് ഹൈക്കോടതിയെ സമീപിച്ചു. കോടതിയുത്തരവ് ഉടമയ്‌ക്ക് അനുകൂലമായിരുന്നു.
തൊഴില്‍ നഷ്‌ടപ്പെട്ട നാലു പേര്‍ക്കു സ്‌ഥാപനത്തില്‍ ജോലി വേണമെന്നതായിരുന്നു സി.ഐ.ടി.യു. പിന്നീട് ഉയര്‍ത്തിയ ആവശ്യം. എന്നാല്‍, തൊഴിലുടമ വഴങ്ങിയില്ല. രണ്ടു പേര്‍ക്കു ജോലി നല്‍കാമെന്ന് ഉടമ ഒരു ഘട്ടത്തില്‍ സമ്മതിച്ചിരുന്നതാണ്. സി.ഐ.ടി.യു. അത് അംഗീകരിച്ചില്ല. കയറ്റിറക്ക് യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനും മറ്റുമായി തൊഴിലുടമ ഇതര സംസ്‌ഥാനത്തൊഴിലാളികളുടെ സേവനം തേടിയതോടെ എതിര്‍പ്പുമായി സി.ഐ.ടി.യു. രംഗത്തെത്തി. നാലു ദിവസമായി സ്‌ഥാപനത്തിനു മുന്നില്‍ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ കുടില്‍കെട്ടി സമരം നടന്നുവരികയാണ്. കച്ചവടം തടസപ്പെടുത്തുന്ന രീതിയിലുള്ള സമരത്തിനെതിരേ വ്യാപാരികള്‍ രംഗത്തെത്തിയതോടെ സംഘര്‍ഷാവസ്‌ഥ രൂപപ്പെട്ടു.
ഹൈക്കോടതി ഉത്തരവ് അനുസരിച്ച് സ്‌ഥാപനം പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കുളപ്പുള്ളിയിലെ നൂറിലധികം വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിച്ചിരുന്നു. ന്യായമായ ആവശ്യത്തിനുവേണ്ടിയാണു സമരമെന്നു സി.ഐ.ടി.യു. നേതാക്കള്‍ പറഞ്ഞു. നോക്കുകൂലി ആവശ്യപ്പെട്ടല്ല, തൊഴില്‍ നഷ്‌ടപ്പെട്ടവരെ അവഗണിച്ച് ഇതരസംസ്‌ഥാനത്തൊഴിലാളികളെ ജോലിക്കു വച്ചതിലാണു പ്രതിഷേധമെന്നു സി.ഐ.ടി.യു. ഒറ്റപ്പാലം ഡിവിഷന്‍ സെക്രട്ടറി കെ. ഗംഗാധരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇരുപക്ഷവും നിലപാടു ശക്‌തമാക്കിയതിനാല്‍ പ്രദേശത്തു സംഘര്‍ഷാവസ്‌ഥ രൂപംകൊണ്ടിട്ടുണ്ട്. ചര്‍ച്ചയ്‌ക്കായി ജില്ലാ ലേബര്‍ ഓഫീസര്‍ തൊഴിലുടമയെയും സി.ഐ.ടി.യു. നേതാക്കളെയും ചര്‍ച്ചയ്‌ക്കു വിളിച്ചിട്ടുണ്ട്.