കോഴിക്കോട്: കോഴിക്കോട് കോണ്‍ഗ്രസ് നടത്തിയ ഹര്‍ത്താലിനിടയില്‍ സംഘര്‍ഷം. ഹര്‍ത്താല്‍ അനുകൂലികള്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ തടയുകയും കടകള്‍ നിര്‍ബന്ധിതമായി അടപ്പിക്കുകയും ചെയ്തു. ഇതെ തുടര്‍ന്ന് പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. സിപിഐഎമ്മിന്റെ നിര്‍ദ്ദേശപ്രകാരമാണ് ബസ് സര്‍വീസ് നടത്തുന്നതെന്നും മനപ്പൂര്‍വം പ്രകോപനം സൃഷ്ടിക്കാന്‍ നീക്കം നടത്തുകയാണെന്നും ആരോപിച്ചാണ് ബസ്സുകള്‍ തടഞ്ഞത്. ഇതോടെ ബസ് സര്‍വീസുകളെല്ലാം പൂര്‍ണ്ണമായും തടസ്സപ്പെട്ടു.
കെഎസ്ആര്‍ടിസി സര്‍വീസ് നടത്താനും അനുവദിക്കില്ലെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതെ തുടര്‍ന്ന് ദീര്‍ഘദൂര യാത്രക്കാര്‍ പെരുവഴിയിലായി. ഹര്‍ത്താലുമായി സഹകരിക്കില്ലൊയെന്നും കടകള്‍ തുറക്കുമെന്നുമായിരുന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റിയെ അറിയിച്ചിരുന്നത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചായിരുന്നു കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
രാവിലെ ഹര്‍ത്താല്‍ ഭാഗികമായിരുന്നു. കെഎസ്ആര്‍ടിസി ബസുകള്‍ പതിവുപോലെ സര്‍വീസ് നടത്തിയിരുന്നു. തുടക്കത്തില്‍ വിട്ടുനിന്നെങ്കിലും സ്വകാര്യ ബസുകളും പിന്നീട് സര്‍വീസ് ആരംഭിച്ചിരുന്നു. അന്തര്‍ ജില്ലാ സര്‍വീസുകളും രാവിലെ തടസ്സമില്ലാതെ സര്‍വീസ് നടത്തിയിരുന്നു. ഹോട്ടല്‍ അടക്കമുള്ള സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ രാവിലെ പത്ത് മണിക്ക് കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനം ആരംഭിച്ചതിന് ശേഷമാണ് സംഘര്‍ഷ സാഹചര്യം ഉടലെടുത്തത്.