
സംസ്ഥാനത്തെ ലഹരി വ്യാപനം തടയാനായി സര്‍ക്കാര്‍ രൂപരേഖ തയാറാക്കും. ഇതിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സെക്രട്ടറിതല സമിത രൂപീകരിക്കാനായി മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. എല്‍ പി ക്ലാസുകള്‍ തുടങ്ങി ലഹരി വിരുദ്ധ ബോധവത്ക്കരണം തുടങ്ങണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പോലീസിന്റെയും എക്സൈസിന്റെയും സംയുക്ത പരിശോധന ശക്തമാക്കാനും അതിര്‍ത്തികളില്‍ നിരീക്ഷണം കര്‍ശനമാക്കാനും തീരുമാനമുണ്ട്.
സംസ്ഥാനത്തെ ലഹരി വ്യാപനം തടയുന്നതിനായി ജനകീയ ക്യാമ്പയിനിന് തുടക്കമിടാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇപ്പോള്‍ ലഹരിക്കെതിരെ നടക്കുന്ന എല്ലാ പ്രചാരണ പരിപാടികളും സംയോജിപ്പിച്ച് ഏപ്രില്‍ മാസം മുതല്‍ അതി വിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കുട്ടികളെ കായിക രംഗത്ത് ആകര്‍ഷിക്കാന്‍ കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കും. ഹോസ്റ്റലുകളും പൊതുഇടങ്ങളും ലഹരിമുക്തമാണെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ കൈക്കൊള്ളാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. പോലീസിന്റെയും എക്സൈസിന്റെയും സംയുക്ത എന്‍ഫോഴ്സ്മെന്റ് കൂടുതല്‍ ഫലപ്രദമാക്കും. മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്താനുള്ള ആധുനിക ഉപകരണങ്ങള്‍ വാങ്ങാനും സ്‌നിഫര്‍ ഡോഗുകളുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഓണ്‍ലൈന്‍ ലഹരി വ്യാപാരം തടയാനുള്ള നടപടികള്‍ ശക്തമാക്കും. എയര്‍പോര്‍ട്ട്, റെയില്‍വേ, തുറമുഖം എന്നിവ കേന്ദ്രീകരിച്ച് പരിശോധന ഊര്‍ജിതമാക്കും.