
സ്ത്രീയുടെ മുടിയെ കുറിച്ചുള്ള പരാമർശം ലൈംഗിക അതിക്രമമായി കണക്കാക്കാൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. ബോംബേ ഹൈക്കോടതി പുണെയിലെ സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥക്ക് അനുകൂലമായ കീഴ്കോടതി വിധിയെ ചോദ്യം ചെയ്ത് സഹപ്രവർത്തകൻ നൽകിയ അപ്പീലിലാണ് വിധി പുറപ്പെടുവിച്ചത്.
മുടി കൈകാര്യം ചെയ്യാൻ ജെസിബി ഉപയോഗിക്കേണ്ടി വരും എന്ന ഉദ്യോഗസ്ഥന്റെ കമന്‍റാണ് പരാതിക്കിടയാക്കിയത്. മുടിയെക്കുറിച്ച് ഒരു ഗാനം ആലപിക്കുകയും ചെയ്തു. മറ്റൊരു സാഹചര്യത്തിൽ, മറ്റ് വനിതാ സഹപ്രവർത്തകരുടെ സാന്നിധ്യത്തിൽ ഒരു പുരുഷ സഹപ്രവർത്തകന്റെ സ്വകാര്യ ഭാഗത്തെക്കുറിച്ച് അദ്ദേഹം ഒരു പരാമർശം നടത്തിയതായി പരാതിയിൽ പറയുന്നു.
മുടി കൈകാര്യം ചെയ്യാൻ ജെസിബി ഉപയോഗിക്കേണ്ടി വരുമെന്ന പരാമർശം ലൈംഗിക അധിക്ഷേപമാണെന്ന ഉദ്യോഗസ്ഥയുടെ പരാതി ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റിയും കീഴ് കോടതിയും ശരിവച്ചിരുന്നു. ഇതിനെതിരെയാണ് ഡെപ്യൂട്ടി റീജിണൽ മാനേജറായ ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ സമീപിച്ചത്.