• Wed. Oct 30th, 2024

24×7 Live News

Apdin News

Complaint demanding that a case be filed against Umarfaizi Mukkam | ലീഗ് നേതൃത്വത്തിന്റെ ഇടപെടല്‍, ഉമര്‍ഫൈസി മുക്കത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി. സമസ്തയുടെ തിരുത്തലില്‍ തൃപ്തിയില്ലാതെ ലീഗ്

Byadmin

Oct 30, 2024


പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ വിമര്‍ശിച്ചത് ഗൗരവമായാണ് കാണുന്നതെന്നും ഉമര്‍ ഫൈസിയുടെ പരാമര്‍ശം സമസ്തയുടേതല്ലെന്ന് മാത്രം പറഞ്ഞിട്ട് കാര്യമില്ലെന്നുമാണു ഇന്നു മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

IUML, Kerala

മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ സ്പര്‍ദ്ദ വളര്‍ത്തുന്ന രീതിയില്‍ വിവാദ പ്രസ്താവന നടത്തിയ സമസ്ത സെക്രട്ടറി ഉമര്‍ഫൈസി മുക്കത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു മലപ്പുറം ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കി യൂത്ത്‌ലീഗ് നേതാവ്. വിവാദ പ്രസ്താവനയില്‍ സമസ്ത നേതൃത്വം പത്രക്കുറിപ്പിറക്കിയതിലും ലീഗ് നേതൃത്വം തൃപ്തരായിട്ടില്ല. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ വിമര്‍ശിച്ചത് ഗൗരവമായാണ് കാണുന്നതെന്നും ഉമര്‍ ഫൈസിയുടെ പരാമര്‍ശം സമസ്തയുടേതല്ലെന്ന് മാത്രം പറഞ്ഞിട്ട് കാര്യമില്ലെന്നുമാണു ഇന്നു മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. ഇക്കാര്യത്തില്‍ കാര്യമായ ചര്‍ച്ചകള്‍ തുടരുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമസ്തയുടെ ഭാഗത്തുനിന്നും ഉമര്‍ഫൈസിക്കെതിരെ നടപടിയുണ്ടാകണമെന്നാണു ലീഗിന്റെ ആവശ്യം.

അതേ സമയം യൂത്ത്‌ലീഗ് പുല്‍പ്പറ്റ പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയും മലപ്പുറം മണ്ഡലം പ്രവര്‍ത്തക സമിതി അംഗവും ജില്ലാ കൗണ്‍സിലുമായ പുല്‍പ്പറ്റ സ്വദേശി വി.പി. റിയാസാണു അഭിഭാഷകനും മുന്‍ പുല്‍പ്പറ്റ പഞ്ചായത്ത് യൂത്ത്‌ലീഗ് പ്രസിഡന്റും മുസ്ലിംലീഗ് ഭരിക്കുന്ന പുല്‍പ്പറ്റ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ അഡ്വ. കെ.വി. യാസറുമൊന്നിച്ച് മലപ്പുറം എസ്.പിക്കു നേരിട്ടു ഉമര്‍ഫൈസി മുക്കത്തിനെതിരെ പരാതി നല്‍കിയത്. തന്റെ മഹല്ല് ഖാസിയും മുസ്ലിംമത വിഭാഗത്തിന്റെ ആത്മീയ നേതാവുമായ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ എടവണ്ണപ്പാറയില്‍വെച്ചു ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം മുസ്ലിംസമുദായത്തിനിടയില്‍ സ്പര്‍ദ്ദ വളര്‍ത്തണമെന്നും ഇതുവഴി സമുദായത്തിലെ വിഭാഗങ്ങള്‍ തമ്മില്‍ ശത്രുതാ മനോഭാവം ഉണ്ടാക്കണമെന്നു നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കണമെന്നും ഇതര വിഭാഗങ്ങള്‍ തമ്മില്‍ കലാപമുണ്ടാക്കണമെന്നു ലക്ഷ്യവെച്ചാണെന്നുമാണു പരാതിയില്‍ പറയുന്നത്.

ന്യായ സംഹിത പ്രകാരം കേരളാ പോലീസ് ആക്ട് പ്രകാരവും വിവാദ പ്രസംഗം കുറ്റകരമായ പ്രവര്‍ത്തിയാണെന്നും ഇതിനാല്‍ സംഭവത്തില്‍ പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുന്നതിനാവശ്യമായ അടിയന്തര നടപടിയുണ്ടാകണമെന്നുമാണു പരാതിയില്‍ പറയുന്നത്. ജില്ലാ പോലീസ് മേധവി വിഷയത്തില്‍ ആവശ്യമായ ഇടപെടലുണ്ടാകുമെന്നു ഉറപ്പുപറഞ്ഞിട്ടുണ്ടെന്നും ഇടപെടലുകളുണ്ടായില്ലെങ്കിലൂം കോടതി മുഖേന മറ്റു നിയമ നടപടികളിലേക്കു നീങ്ങുമെന്നും പരാതിക്കാരനായ വി.പി. റിയാസും അഭിഭാഷകന്‍ കെ.വി.യാസറും പറഞ്ഞു.

അതേ സമയം കഴിഞ്ഞദിവസം എടവണ്ണപ്പാറയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍വച്ച് കെ.ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗത്തിലെ വിവാദ പരാമര്‍ശങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ട്രഷറര്‍ പി.പി ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും പോഷക സംഘടനകളുടെയും ഉത്തരവാദപ്പെട്ട പദവിയില്‍ ഇരിക്കുന്നവരും പ്രവര്‍ത്തകരും വിവാദ പ്രസ്താവനകളില്‍ നിന്നും ആരോപണ പ്രത്യാരോപണങ്ങളില്‍ നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

ഒരു നൂറ്റാണ്ട് പിന്നിടുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈവിധ്യമാര്‍ന്ന പദ്ധതികളുമായി നൂറാം വാര്‍ഷികത്തിന് തയ്യാറെടുക്കുന്ന സന്ദര്‍ഭത്തില്‍ സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് എല്ലാവരില്‍ നിന്നും ഉണ്ടാവേണ്ടതെന്നും പരസ്പരം ഐക്യത്തിനും സൗഹാര്‍ദത്തിനും ഭംഗം വരുത്തുന്ന വിധം പൊതു വേദികളിലും സാമൂഹ്യ മാധ്യമങ്ങളിലും വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത് പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. പ്രശ്‌ന പരിഹാരങ്ങള്‍ക്ക് വേണ്ടി ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടയില്‍ വിവാദ നിയമനങ്ങളോ പ്രസ്താവനകളോ ആരില്‍ നിന്നും ഉണ്ടാവാന്‍ പാടില്ലാത്തതാണെന്നും നേതാക്കള്‍ പറഞ്ഞു.



By admin