
കോണ്‍ഗ്രസ് ഇനിയെങ്കിലും പിണറായി വിജയനെയും കുടുംബത്തെയും വെള്ള പൂശാനുള്ള നടപടികള്‍ നിര്‍ത്തണമെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. വിജിലന്‍സ് അന്വേഷണം പിണറായിക്കെതിരെ മാത്രം പോരാ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്തണമെന്നും ഷോണ്‍ ആവശ്യപ്പെട്ടു.
SFIO അന്വേഷണം നടക്കുമ്പോള്‍ മറ്റൊരു അന്വേഷണം നടത്താന്‍ കഴിയില്ല. ഞാന്‍ മനസിലാക്കിയത് അനുസരിച്ച് അഴിമതി എസ് എഫ് ഐ ഒ അന്വേഷണത്തില്‍ കണ്ടെത്തി. 182 കോടി യുടെ അഴിമതി കണ്ടെത്തിയെന്നാണ് മനസിലാക്കുന്നത്. വിജിലന്‍സ് കേസിന് ആസ്പതമാക്കിയ ഒരു തെളിവും കോടതിക്ക് ലഭിച്ചില്ല. കോണ്‍ഗ്രസ് നേതാക്കള്‍ പിന്തിരിയണമെന്നും ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി.
അതേസമയം മാസപ്പടി കേസില്‍ അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ വ്യക്തമാക്കി. നിയമയുദ്ധം തുടരുമെന്ന് ജനങ്ങള്‍ക്ക് നല്‍കിയ വാക്കാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.മാസപ്പടി കേസില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയതിന് പിന്നാലെ പ്രതികരിക്കുകയായുന്നു മാത്യു കുഴല്‍നാടന്‍.
കോടതിയില്‍ പറഞ്ഞതെല്ലാം തനിക്ക് ബോധപ്പെട്ട കാര്യങ്ങളാണെന്നും നിയമപോരാട്ടത്തില്‍ നിരാശ ഇല്ലെന്നും മാത്യു കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു. ഒരുപാട് അക്രമികളും അഴിമതിക്കാരും ബലാത്സംഗം ചെയ്തവരും തെളിവില്ലാത്തതിന്റെ പേരില്‍ കോടതി നടപടികളില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്.
എന്ന് കരുതി അവര്‍ ചെയ്ത കുറ്റകൃത്യം ഇല്ലാതാകുന്നില്ല. ഉത്തരവിന്റെ പൂര്‍ണ്ണരൂപം കിട്ടിയതിനുശേഷം സഹപ്രവര്‍ത്തകരുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. യുഡിഎഫിന് രാഷ്ട്രീയമായ തിരിച്ചടിയാണ് എന്ന് പറയാന്‍ ആവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. മാത്യു കുഴല്‍നാടനും ഗിരീഷ് ബാബുവും നല്‍കിയ ഹര്‍ജികളാണ് തള്ളിയത്.