തിരുവനന്തപുരം; ഉരുള്‍പൊട്ടല്‍ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് ആഭ്യന്തരമന്ത്രാലയം കേരളത്തിന് കത്ത് നല്‍കി. എന്നാല്‍ പ്രത്യേക ധനസഹായം പാക്കേജ് അനുവദിക്കുന്നതില്‍ ഇപ്പോഴും വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.
ദുരന്തമുണ്ടായി അഞ്ചാം മാസം കേരളത്തിന്റെ പ്രധാന ആവശ്യം അംഗീകരിച്ചിരിക്കുകയാണ് കേന്ദ്രം. കേന്ദ്ര മന്ത്രിസഭാ സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ വയനാട് ഉരുള്‍പ്പൊട്ടല്‍, അതിതീവ്ര ദുരന്തമായി കണക്കാക്കുന്നുവെന്നാണ് കത്തിലുള്ളത്. ആഭ്യന്തരമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി, സംസ്ഥാന റവന്യു സെക്രട്ടറിക്ക് കത്ത് കൈമാറി. അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചതോടെ വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള അധിക ഫണ്ടുകള്‍ സംസ്ഥാനത്തിന് ലഭിക്കുന്നതിന് അവസരമൊരുങ്ങും. എംപി ഫണ്ടുകള്‍ ഉപയോഗിക്കാനാകും. എന്നാല്‍ പ്രത്യേക ധനസഹായ പാക്കേജില്‍ കേന്ദ്രം ഇപ്പോഴും മൗനം തുടരുകയാണ്.
ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനകം സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലേക്ക് നല്‍കിയിട്ടുണ്ടെന്നാണ് പുതിയ കത്തിലും സൂചിപ്പിക്കുന്നത്. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുക, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പണം നല്‍കുക, ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളുക, പുനര്‍നിര്‍മാണത്തിന് പ്രത്യേക ധനസഹായ പാക്കേജ് അനുവദിക്കുക എന്നീ നാല് ആവശ്യങ്ങളാണ് കേരളം കേന്ദ്രത്തെ അറിയിച്ചത്.