![uploads/news/2024/12/753180/boat-accident.jpg](https://i0.wp.com/www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2024/12/753180/boat-accident.jpg?w=640&ssl=1)
മുംബൈ: അപകടത്തില്‍ കാണാതായ മലയാളി കുടുംബം സുരക്ഷിതര്‍. കുട്ടി നല്‍കിയ വിവരം വെച്ച് മാതാപിതാക്കളെ കണ്ടെത്തി. പത്തനംതിട്ടക്കാരായ മാത്യൂ ജോര്‍ജ്ജ്, നിഷാ മാത്യൂ ജോര്‍ജ്ജ് എന്നിവരെയാണ് കണ്ടെത്തിയത്. പരിക്കേറ്റ് ചികിത്സയിലായിരുന്നു കുട്ടി ഏബിള്‍ മാത്യുവിന്റെ അരികിലെത്തിയ മാതാപിതാക്കള്‍ക്കൊപ്പം കുട്ടിയ ആശുപത്രിയില്‍ നിന്ന് വിട്ടയയ്ക്കുകയും ചെയ്തു.
ഇന്നലെയായിരുന്നു കുടുംബം സഞ്ചരിച്ച ബോട്ടില്‍ മുംബൈ തീരത്ത് ഇന്നലെ നാവികസേനയുടെ സ്പീഡ് ബോട്ട് വന്നിടിച്ച് അപകടമുണ്ടായത്. മൂന്ന് നാവിക സേനാംഗങ്ങളും 10 സാധാരണക്കാരും ഉള്‍പ്പെടെ പതിമൂന്ന് പേരാണ് മരിച്ചത്. നാവിക സേനാ ബോട്ട് ഇടിച്ചുകയറിയതും 110 പേരുമായി വന്ന യാത്രാ ബോട്ട് മുങ്ങുകയായിരുന്നു. രക്ഷപ്പെടുത്തിയ 99 പേരില്‍ നാലുപേരുടെ നില ഗുരുതരമാണ്.
ഗേറ്റ് വേ ഓഫ് ഇന്ത്യക്കു സമീപമാണ് ബോട്ടപകടം. ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍നിന്ന് വിനോദസഞ്ചാര കേന്ദ്രമായ എലിഫന്റ ദ്വീപുകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകുകയായിരുന്ന നീല്‍ക്കമല്‍ എന്ന ബോട്ടിലേക്കാണ് നാവികസേനയുടെ നിയന്ത്രണം നഷ്ടപ്പെട്ട സ്പീഡ് ബോട്ട് ഇടിച്ചുകയറിയത്. നാവികസേനാ ബോട്ടില്‍ രണ്ട് നാവികരും നാല് സ്റ്റാഫുകളും ഉള്‍പ്പെടെ ആറുപേരാണ് ഉണ്ടായിരുന്നത്. സ്പീഡ് ബോട്ടിന് എന്‍ജിന്‍ തകരാറുണ്ടായെന്നും അതാണ് അപകടത്തിന് കാരണമെന്നുമാണ് നാവികസേനാ വൃത്തങ്ങള്‍ പറയുന്നത്.