
photo – facebook
കൊല്ലം : മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് സിപിഐഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്. ഭരണത്തിരക്കുകള്‍ക്കിടയിലും സംഘടനാ കാര്യങ്ങളില്‍ പാര്‍ട്ടിയെ സഹായിക്കുന്നുവെന്നാണ് പ്രശംസ. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ സംഘടനാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് എം വി ഗോവിന്ദന്‍ സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് അവതരണം പൂര്‍ത്തിയായിക്കഴിഞ്ഞു
ഓരോ സെക്രട്ടറിയേറ്റ് അംഗങ്ങളുടെയും പേര് പരാമര്‍ശിച്ചു കൊണ്ടും അവരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിക്കൊണ്ടുമുള്ള പ്രത്യേക ഭാഗങ്ങളുണ്ട്. അതില്‍ ഒന്നാമതുള്ള പേര് മുഖ്യമന്ത്രി പിണറായി വിജയന്റേതാണ്. പിണറായി വിജയനെ പ്രശംസിക്കുന്ന തരത്തിലുള്ള വിലയിരുത്തലാണ് റിപ്പോര്‍ട്ടിലുള്ളത്. ഭരണത്തിരക്കുകള്‍ക്കിടയിലും സംഘടനാ കാര്യങ്ങളില്‍ പാര്‍ട്ടിയെ സഹായിക്കുന്നു, സംഘടനാകാര്യങ്ങളിലും ഭരണകാര്യങ്ങളിലും ഒരുപോലെ ശ്രദ്ധിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ സജി ചെറിയാനെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. സംസാരിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാദ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ടിലെ മുന്നറിയിപ്പ്. ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് തന്നെയെന്നും എം വി ഗോവിന്ദന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.