സെക്രട്ടേറിയേറ്റ് അംഗം എന്ന നിലയിൽ ഇ പി ജയരാജന്റേത് മോശം പ്രകടനമാണ്

photo – facebook
കൊല്ലം: സിപിഐഎം സംസ്ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ എൽഡിഎഫ് മുൻ കൺവീനർ ഇ പി ജയരാജനും മന്ത്രി സജി ചെറിയാനും വിമർശനം. ഇ പി ജയരാജൻ പദവിക്ക് അനുസരിച്ച് പ്രവർത്തിച്ചില്ല എന്നും പ്രവർത്തന റിപ്പോർട്ടിൽ വിമർശനമുയർന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചത്.
സിപിഐഎം സെക്രട്ടറിയേറ്റ് അംഗം എന്ന നിലയിൽ ഇ പി ജയരാജന്റേത് മോശം പ്രകടനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇ പി യോഗങ്ങളിൽ പോലും പങ്കെടുക്കാറില്ല. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിന് ശേഷം ഇ പി സജീവമല്ലായിരുന്നു. ആ സ്ഥാനത്ത് നിന്ന് മാറ്റിയതിലുള്ള പ്രതിഷേധഷമാണ് അദ്ദേഹം കാണിച്ചത്. ഇ പി ഇടക്ക് നിർജീവമായെങ്കിലും പിന്നീട് സജീവമാകാൻ കഴിഞ്ഞു.
സജി ചെറിയാന്റെ പേര് എടുത്ത് പറഞ്ഞ് ആണ് വിമർശനം. പ്രസംഗത്തിലും, മാധ്യമങ്ങളോടുള്ള പ്രതികരണത്തിലും മന്ത്രിക്ക് ശ്രദ്ധയില്ല. അത് പാർട്ടിയെ പ്രതിരോധത്തിലാക്കുന്നുവെന്ന് പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. സജി ചെറിയാൻ പ്രസ്താവനകൾ ശ്രദ്ധിക്കണം. ചിലർ ബോധപൂർവ്വം സെക്രട്ടറിയേറ്റിൽ നിന്ന് വിട്ടുനിന്നുവെന്നും സമ്മേളനം അടുത്തപ്പോൾ മാത്രമാണ് ഇവർ സജീവമായി എത്തിയതെന്നും പ്രവർത്തന റിപ്പോർട്ടിൽ വിമർശനം ഉയർന്നു.
സർക്കാരിൻ്റെ പ്രവർത്തനം തൃപ്തികരമാണെന്നാണ് പ്രവർത്തന റിപ്പോർട്ടിലെ വിലയിരുത്തൽ. കൂടാതെ കാസക്കെതിരെയും ജമാഅത്തെ ഇസ്‌ലാമിക്കെതിരെയും റിപ്പോർട്ട് ആഞ്ഞടിച്ചു. ഈ സംഘടനകൾ ചില കേന്ദ്രങ്ങളിൽ ശക്തി പ്രാപിക്കുന്നു. ഇക്കാര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുകയും ചെയ്തു. റിപ്പോർട്ടുകളിൽ ഗ്രൂപ്പ് ചർച്ച ഇന്ന് വൈകിട്ട് നടക്കും. ഗ്രൂപ്പ് ചർച്ചകളിലും വിമർശനം ഉയർന്നേക്കും.