
തിരുവനന്തപുരം: ശമ്പളവര്‍ദ്ധനവ് പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ ആവശ്യപ്പെട്ട് ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തിന് നേരെയുള്ള സിപിഎമ്മിന്റെ പരിഹാസം തുടരുന്നു. സമരം ചില ദുഷ്ടബുദ്ധികളുടെ തലയില്‍ ഉദിച്ച ആശയമെന്ന് സിപിഎം നേതാവ് ഇ.പി. ജയരാജന്‍. ആശാവര്‍ക്കര്‍മാരുടെ സമരം അനാവശ്യമാണെന്നും അവര്‍ എത്രയും പെട്ടെന്ന് സമരത്തില്‍ നിന്നും പിന്മാറണമെന്നും ഇ.പി. ജയരാജന്‍ വിമര്‍ശിച്ചു.
ആശാവര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം 7000 ആക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും അതോര്‍ത്തെങ്കിലും ആശാവര്‍ക്കര്‍മാര്‍ സമരത്തില്‍ നിന്നും പിന്മാറണമെന്നും ഇ.പി. ജയരാജന്‍ പറഞ്ഞിരുന്നു. ആശാവര്‍ക്കര്‍മാരുടെ സമരം ഒരുമാസം പിന്നിട്ടിട്ടും മൂന്ന് മാസത്തെ ശമ്പളക്കുടിശിക നല്‍കിയത് ഒഴിച്ചാല്‍ സര്‍ക്കാരില്‍ നിന്നും അനുകൂലമായ ഒരു നടപടിയും സമരത്തിന് നേരെ ഇതുവരെ ഉണ്ടായിട്ടില്ല.
കഴിഞ്ഞദിവസം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കേന്ദ്രമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചകളില്‍ പോലും ഈ വിഷയം പരാമര്‍ശം ആയിരുന്നില്ല. എന്നാല്‍ അതിനിടയില്‍ സമരത്തെ അധിക്ഷേപിക്കുന്നത് സിപിഎം തുടരുകയും ചെയ്യുകയാണ്. നേരത്തേ പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ സമരത്തെ പരിഹസിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ഇ.പി. ജയരാജനും സമരത്തിനെതിരേ രംഗത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞദിവസം സമരത്തെ വിമര്‍ശിച്ച് ദേശാഭിമാനി മുഖക്കുറിപ്പും ഇട്ടിരുന്നു. ആശ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം ആരംഭിച്ചിട്ട് ഇന്ന് 34 ദിവസമായി. തിങ്കാളാഴ്ച സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച് സമരം കടുപ്പിക്കാനാണ് ആശമാരുടെ നീക്കം.