സി.എം.ആര്‍.എല്‍. കേസ് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള നീക്കമായി സി.പി.എം. അവതരിപ്പിക്കുമ്പോഴാണ് സി.പി.ഐ. വ്യത്യസ്ത നിലപാടുമായി രംഗത്തു വരുന്നത്. ഇതാണ് സി.പി.എമ്മിനെ ചൊടിപ്പിക്കുന്നത്.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസിനെച്ചൊല്ലി സി.പി.എമ്മും സി.പി.ഐയും തമ്മില്‍ പോര്. കേസില്‍ വീണ വിജയനെ പ്രതിചേര്‍ത്തു സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ കുറ്റപത്രം വന്നതിനു പിന്നാലെയാണു വിഷയത്തില്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നത പുറത്തായത്.
വീണയുടെ കേസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിഷയമല്ലെന്നായിരുന്നു സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പരസ്യ പ്രതികരണം. എല്‍.ഡി.എഫ്. സര്‍ക്കാരിനെ പിണറായി സര്‍ക്കാര്‍ എന്നുവിളിക്കുന്നതു ശരിയല്ലെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. എന്നാല്‍, ഇത്ര അസൂയ പാടില്ല എന്നായിരുന്നു മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രതികരണം.
വീണയുടെ കേസിനെ പറ്റി ബിനോയ് വിശ്വം ഉത്കണ്ഠപ്പെടേണ്ടതില്ലെന്നും ശിവന്‍ കുട്ടി പറഞ്ഞു. വീണയ്ക്കു വീണയുടെ കാര്യം നോക്കാന്‍ അറിയാമെന്നും വിമര്‍ശിക്കാന്‍ വേറെ പ്രതിപക്ഷ നേതാവുണ്ടെന്നും മന്ത്രി പറഞ്ഞു. പാര്‍ട്ടിയുടെ അറിവോടെയാണു മന്ത്രിയുടെ പ്രതികരണമെന്നാണു സൂചന.
സി.എം.ആര്‍.എല്‍ അടക്കം വ്യക്തിപരമായി ഉണ്ടാകുന്ന കേസിന്റെ ബാധ്യത രാഷ്ട്രീയമായി ഏറ്റെടുക്കേണ്ടതില്ലെന്നാണു സി.പി.ഐ. സംസ്ഥാന കൗണ്‍സിലിന്റെ തീരുമാനം. എന്നാല്‍, മുഖ്യമന്ത്രിയെ ഉന്നമിട്ടുള്ള എല്ലാ നീക്കങ്ങളെയും പ്രതിരോധിക്കാന്‍ രംഗത്തുണ്ടാകും. കൗണ്‍സില്‍ തീരുമാനം യോഗത്തിനുശേഷം ബിനോയ് വിശ്വം വ്യക്തമാക്കുകയും ചെയ്തിരുന്നു.
നേരത്തെ, എസ്.എഫ്.ഐ.ഒയുടെ കുറ്റപത്രം വന്നതിനു പിന്നാലെ മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന പ്രസ്താവനയുമായി ബിനോയ് വിശ്വം രംഗത്തുവന്നിരുന്നു. ഇതിനെതിരേ സി.പി.ഐയില്‍ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ നിലപാടുമാറ്റമെന്നാണു സൂചന.
സി.എം.ആര്‍.എല്‍. കേസ് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള നീക്കമായി സി.പി.എം. അവതരിപ്പിക്കുമ്പോഴാണ് സി.പി.ഐ. വ്യത്യസ്ത നിലപാടുമായി രംഗത്തു വരുന്നത്. ഇതാണ് സി.പി.എമ്മിനെ ചൊടിപ്പിക്കുന്നത്. അതേ സമയം, സി.പി.ഐക്കെതിരേ ഇപ്പോള്‍ പരസ്യ പ്രതികരണം നടത്തേണ്ടതില്ലന്നാണു നേതാക്കള്‍ക്കു സി.പി.എം. നല്‍കിയ നിര്‍ദേശം.