
മധുര: സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസിന് തുടക്കമിട്ടുകൊണ്ട് മധുരയില്‍ കൊടി ഉയര്‍ന്നു. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു ചെങ്കൊടി ഉയര്‍ത്തി. സമ്മേളനത്തില്‍ 800 ലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് പ്രകാശ് കാരാട്ടാണ്. രാഷ്ട്രീയ പ്രമേയവും പ്രകാശ് കാരാട്ട് അവതരിപ്പിക്കും. സിപിഐ,സിപിഎംഎംഎല്‍,ആര്‍എസ്പി,ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറിമാര്‍ സമ്മേളനത്തെ അധിസംബോധന ചെയ്യും. കേരളത്തില്‍ നിന്നും 175 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
പാര്‍ലമെന്ററി വ്യാമോഹം വിഭാഗീയതയിലേക്കും അഴിമതിയിലേക്കും നയിക്കുന്നതായും പാര്‍ട്ടിയിലേക്ക് യുവാക്കള്‍ വരുന്നില്ലെന്നും സിപിഎം സംഘടന റിപ്പോര്‍ട്ട്. ആശാ പ്രവര്‍ത്തകര്‍ക്കിടയില്‍ പാര്‍ട്ടിക്ക് സ്വാധീനം കുറവുണ്ടെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ആശാവര്‍ക്കര്‍മാര്‍, അംഗനവാടി ജീവനക്കാര്‍ അടക്കമുള്ളവരെ സംഘടിപ്പിക്കുന്നത് പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകുമെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. മേഖലകളിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രവര്‍ത്തനങ്ങള്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
ആശാ വര്‍ക്കര്‍മാരെ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ കേരളത്തില്‍ ശ്രമങ്ങള്‍ ഉണ്ടാകുന്നില്ലെന്നും ഇവര്‍ക്കായി തൊഴിലാളി യൂണിയനുകള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും പാര്‍ട്ടിയെ എതിര്‍ക്കുന്നവരുമായി ആശാവര്‍ക്കര്‍മാര്‍ ചേര്‍ന്നുനില്‍ക്കുന്നതായും പറയുന്നു. പിബി അംഗങ്ങള്‍ക്ക് മേല്‍ നിയന്ത്രണം വരുന്നു. പിബി അംഗങ്ങളുടെ പ്രവര്‍ത്തനം ഓരോ വര്‍ഷവും വിലയിരുത്തും. പാര്‍ട്ടി കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ദൗത്യങ്ങള്‍ പിബി അംഗങ്ങള്‍ നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും സിപിഎം സംഘടന റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.