തിരുവനന്തപുരം: ഇ പി ജയരാജന്റെ ആത്മകഥയായ ‘കട്ടന്‍ചായയും പരിപ്പുവടയും’ ഉടന്‍ പ്രസിദ്ധീകരിക്കില്ലെന്ന് ഡിസി ബുക്ക്‌സ്. വിവാദത്തിന്റെ പശ്ചാത്തലം മുന്നില്‍ നില്‍ക്കുമ്പോള്‍ നിര്‍മ്മിതിയിലുള്ള സാങ്കേതിക പ്രശ്‌നം എന്നാണ് പുസ്തകം പുറത്തിറക്കുന്നതിന് തടസ്സമായി സാമൂഹ്യമാധ്യമ പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. പ്രസാധനം നീട്ടിവെച്ചതായി ഡി സി ബുക്ക്‌സ് ഫേസ്ബുക്കിലൂടെ അറിയിച്ചു. ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുന്നതാണെന്നും ഡി സി ബുക്‌സ് വിശദീകരിച്ചു.
തന്നെ പാര്‍ട്ടി മനസ്സിലാക്കിയില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറ്റിയതില്‍ പ്രയാസമെന്നും ഉള്‍പ്പെടെ അനേകം വിവാദ പരാമര്‍ശങ്ങളുള്ള പുസ്തകം ഉടന്‍ പുത്തുവരുമെന്നായിരുന്നു നേരത്തേ ഡിസി വ്യക്തമാക്കിയിരുന്നത്. ‘കട്ടന്‍ചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന് ഇ.പി. ജയരാജന്റെ ആത്മകഥയിലെ കുറിപ്പിലാണ് ഈ വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതോടെയാണ് പുസ്തകത്തിലെ വിവാദ പരാമര്‍ശങ്ങളും ശ്രദ്ധ നേടിയത്.
തൊട്ടുപിന്നാലെ നിഷേധക്കുറിപ്പുമായി ഇ.പി. രംഗത്തുവന്നു. തെറ്റായവാര്‍ത്തയാണ് പുറത്തുവരുന്നതെന്നും താന്‍ എഴുതാത്ത കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും വിഷയത്തില്‍ നടപടി സ്വീകരിക്കുമെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്. ആത്മകഥയുടെ പ്രസിദ്ധീകരണത്തിന് ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും പ്രതികരിച്ചു. പുസ്തകത്തിന്റെ കവര്‍ പോലുമായിട്ടില്ലെന്നായിരുന്നു ഇ.പി. യുടെ വെളിപ്പെടുത്തല്‍.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ നിര്‍ണ്ണയത്തില്‍ പാളിച്ച പറ്റിയതായും സ്വതന്ത്രര്‍ വയ്യാവേലിയാകുമെന്നും പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സരിന്‍ അവസരവാദിയെന്നും ആത്മകഥയില്‍ ഇ.പി. പറഞ്ഞു. വയനാടും ചേലക്കരയും ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തുന്ന സമയത്ത് തന്നെയാണ് ഇ.പി.യുടെ ആത്മകഥയുടെ ഭാഗങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരിക്കുന്നതും. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഇ.പി.യെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കിയതും ഇ.പി.യ്‌ക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ചതും.