കോഴിക്കോട്: എല്‍ഡിഎഫില്‍ നിന്നും യുഡിഎഫിലേക്ക് മാറിയ കൗണ്‍സിലര്‍ തിരിച്ചെത്തിയപ്പോള്‍ ചെരുപ്പ്മാലയിട്ട് സ്വീകരിക്കാന്‍ നടത്തിയ ശ്രമം കയ്യാങ്കളിയിലെത്തി. കോഴിക്കോട് ഫറോക്ക് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നടന്ന സംഭവത്തില്‍ ആര്‍ജെഡി വിട്ട് മുസ്ലിം ലീഗില്‍ ചേര്‍ന്ന കൗണ്‍സിലര്‍ സനൂബിയയെയാണ് ചെരുപ്പ് മാല അണിയിക്കാന്‍ ശ്രമിച്ചത്.
ഇന്നലെ നടന്ന യോഗത്തിലാണ് എല്‍ഡിഎഫ്-യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടിയത്. പാര്‍ട്ടി മാറിയ ശേഷമുള്ള ആദ്യ യോഗത്തില്‍ പങ്കെടുക്കാന്‍ വന്നപ്പോഴാണ് സംഭവം. ഇതിനെ എതിര്‍പക്ഷം തടയാന്‍ ശ്രമിക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ കയ്യാങ്കളിയിലേക്ക് നീങ്ങി. സനൂബിയയുടെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണവും കല്ലേറുമുണ്ടായെന്ന് ആരോപിച്ച് യുഡിഎഫ് പ്രതിഷേധിച്ചിരുന്നു.
ആര്‍ജെഡി വിട്ട സനൂബിയയ്ക്ക് എതിരേ കഴിഞ്ഞദിവസം എല്‍ഡിഎഫ് പൊതുയോഗം സംഘടിപ്പിച്ചിരുന്നു. ഈ പൊതുയോഗത്തില്‍ ഭീഷണിയുണ്ടായെന്നും വീടിന് നേരെയുണ്ടായ ആക്രമണത്തിലും കൗണ്‍സിലര്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കൂടെയുണ്ടായിരുന്ന ഒരാള്‍ കൂറുമാറിയതിനെ ജനാധിപത്യ രീതിയില്‍ പ്രതിരോധിക്കുകയാണ് ചെയ്തതെന്നാണ് എല്‍ഡിഎഫിന്റെ വാദം.