തിരുവനന്തപുരം: കേരളത്തിലെ അടുത്ത പോലീസ് മേധാവി ആരാണെന്നു നാളെ അറിയാം. മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകും. താല്‍ക്കാലിക പോലീസ് മേധാവി എന്ന കാര്യവും ആലോചനയിലാണ്. താല്‍ക്കാലിക ഡി.ജി.പി. സമ്പ്രദായം പതിവില്ലാത്താണ്. അങ്ങനെ വന്നാല്‍ യു.പി.എസ്.സിയുടെ ചുരുക്കപ്പട്ടികയിലുള്ളവര്‍ നിയമ പോരാട്ടത്തിനു പോകാനുള്ള സാധ്യത സര്‍ക്കാര്‍ കാണുന്നുണ്ട്.
അതിനിടെ, യു.പി.എസ്.സി. തയാറാക്കിയ പോലീസ് മേധാവിയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട, കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള, റവാഡ ചന്ദ്രശേഖര്‍ സംസ്‌ഥാനത്തേക്കു മടങ്ങാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി. പോലീസ് മേധാവിയാകാന്‍ കഴിയുമെന്ന വിലയിരുത്തലിലാണ് ഇത്. നിലവിലെ പോലീസ് മേധാവി ഷെയ്‌ഖ് ദര്‍വേശ് സാഹിബ് ഈ മാസം 30നു വിരമിക്കും.
യു.പി.എസ്.സി. കൈമാറിയ മൂന്നംഗ പട്ടികയിലെ നിധിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍ എന്നിവരില്‍ ഒരാള്‍ക്കാകും അവസരം എന്നായിരുന്നു സൂചന. പട്ടികയിലുള്ള മൂന്നാമത്തെ ആള്‍ അഗ്‌നിരക്ഷാ വിഭാഗം മേധാവി യോഗേഷ് ഗുപ്‌തയാണ്. സംസ്‌ഥാനത്തിനു നാലു ഡി.ജി.പി. തസ്‌തികമാത്രമാണ് അനുവദിച്ചിട്ടുള്ളത്. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള റവാഡ ചന്ദ്രശേഖര്‍ തിരിച്ചുവന്നാല്‍ കേരളത്തിന് അനുവദിച്ച ഡി.ജി.പി. തസ്‌തികകള്‍ നിറയും. അല്ലാത്തപക്ഷം മറ്റൊരാള്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോകണം.
ഐ.ബിയില്‍ സ്‌പെഷല്‍ ഡയറക്‌ടറാണ് റവാഡ. ഓഗസ്‌റ്റ് ഒന്നുമുതല്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിന്റെ സുരക്ഷാച്ചുമതലയുള്ള സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. കൂത്തുപറമ്പ് വെടിവയ്‌പ്പിനു പിന്നില്‍ സി.പി.എം. ആരോപിക്കുന്ന പേരുകാരനാണ് റവാഡ.