തെരഞ്ഞെടുപ്പു രാഷ്‌ട്രീയത്തിലേക്കു കെജ്രിവാള്‍ പടിയേറിയ 2013-ലെ വോട്ടെടുപ്പില്‍ കെട്ടുകെട്ടിച്ച കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകനാണ് സന്ദീപെന്നതു മറ്റൊരു കൗതുകം
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനെതിരേ ജയിച്ചുകയറിയത് ബി.ജെ.പിയുടെ പര്‍വേഷ് വര്‍മയാണെങ്കിലും കറുത്തകുതിരയായതു കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി സന്ദീപ് ദീക്ഷിത്.
ന്യൂഡല്‍ഹി മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രികൂടിയായ കെജ്രിവാളിന്റെ പതനം ഉറപ്പാക്കിയതു മൂന്നാം സ്‌ഥാനത്തെത്തിയ സന്ദീപ് പെട്ടിയിലാക്കിയ വോട്ട്. തെരഞ്ഞെടുപ്പു രാഷ്‌ട്രീയത്തിലേക്കു കെജ്രിവാള്‍ പടിയേറിയ 2013-ലെ വോട്ടെടുപ്പില്‍ കെട്ടുകെട്ടിച്ച കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകനാണ് സന്ദീപെന്നതു മറ്റൊരു കൗതുകം. മണ്ഡലം ബി.ജെ.പിക്കായി തിരിച്ചുപിടിച്ച പര്‍വേഷാകട്ടെ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി(1996-1998) സാഹിബ് സിങ് വര്‍മയുടെ മകനും.
4,089 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ന്യൂഡല്‍ഹി മണ്ഡലത്തില്‍ കെജ്രിവാള്‍ ഇത്തവണ മുട്ടുമടക്കിയത്. കോണ്‍ഗ്രസിന്റെ സന്ദീപ് ദീക്ഷിത് നേടിയത് 4568 വോട്ട്. ഇത് ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുടെ പതനം ഉറപ്പാക്കി. പ്രതിപക്ഷനിരയായ ഇന്ത്യാ സഖ്യത്തിനു കീഴില്‍ യോജിച്ചുള്ള പോരാട്ടമായിരുന്നെങ്കില്‍ ഒരുപക്ഷേ, കെജ്രിവാള്‍ നേരിയ ഭൂരിപക്ഷത്തിനെങ്കിലും നിയമസഭയിലെത്തുമായിരുന്നുവെന്നതും കാണാതിരുന്നുകൂടാ. മൂന്നാമനായെങ്കിലും ഒരര്‍ഥത്തില്‍ അമ്മയെ പരാജയപ്പെടുത്തിയ കെജ്രിവാളിനോടുള്ള മകന്‍ സന്ദീപിന്റെ മധുരപ്രതികാരമായും ഇതിനെ കണക്കാക്കാം.
ഷീലാ ദീക്ഷിതിന്റെ കുത്തക മണ്ഡലം പോക്കറ്റിലാക്കിയാണ് 2013-ല്‍ സജീവരാഷ്‌ട്രീയത്തിലേക്കു കെജ്രിവാള്‍ ചുവടുവച്ചത്. മുമ്പ് ഗോള്‍ മാര്‍ക്കറ്റായിരിക്കെ 1998, 2003 തെരഞ്ഞെടുപ്പുകളിലും മണ്ഡലപുനര്‍നിര്‍ണയത്തില്‍ സീറ്റ് ന്യൂഡല്‍ഹിയായ ശേഷം 2008-ലും ജയം ഷീലയ്‌ക്കായിരുന്നു. 2013-ല്‍ പക്ഷേ, കഥമാറി. അഴിമതിവിരുദ്ധ പോരാളിയുടെ പ്രതിഛായയുമായി ഗോദയിലിറങ്ങിയ അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയുടെ പെരുമയും പേറിയെത്തിയ ഷീലയെ മലര്‍ത്തിയടിച്ചു. അവിടെത്തുടങ്ങി ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പതനം. ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും സര്‍ക്കാരുണ്ടാക്കാന്‍ അന്നു ബി.ജെ.പി. ശ്രമിച്ചില്ല. കോണ്‍ഗ്രസിന്റെ പുറത്തുനിന്നുള്ള പിന്തുണയോടെ ആം ആദ്‌മി പാര്‍ട്ടി കെജ്രിവാളിന്റെ നേതൃത്വത്തില്‍ അധികാരമേറി. മധുവിധു അവസാനിക്കുംമുമ്പേ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാര്‍ നിലംപൊത്തി. 2015-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും നിലംപരിശാക്കി ആം ആദ്‌മി പാര്‍ട്ടിയും കെജ്രിവാളും ഒറ്റയ്‌ക്ക് തലസ്‌ഥാനഭരണം പിടിച്ചു. പിന്നീടെല്ലാം ചരിത്രം.
2020-ല്‍ ബി.ജെ.പിയുടെ സുനില്‍ യാദവിനെതിരേ 21,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് കെജ്രിവാള്‍ മണ്ഡലം നിലനിര്‍ത്തി. അന്നു കോണ്‍ഗ്രസിന്റെ റൊമേഷ് സഭര്‍വാള്‍ അക്കൗണ്ടിലാക്കിയത് 3,330 വോട്ട് മാത്രം. ഈ രണ്ടു തെരഞ്ഞെടുപ്പുകള്‍ക്കുംശേഷം മണ്ഡലത്തില്‍ ബി.ജെ.പി. അഭൂതപൂര്‍വമായ വേരോട്ടമുണ്ടാക്കി. കെജ്രിവാളിനെതിരായ അഴിമതിക്കഥകള്‍ തിരിച്ചടിയായതിനൊപ്പം സന്ദീപിന്റെയും സഹോദരി ലതികയുടെയും പ്രചാരണം മണ്ഡലത്തില്‍ വലിയ ചലനമാണുണ്ടാക്കിയത്. ഡല്‍ഹിയുടെ ഹൃദയത്തില്‍ ഷീലാ ദീക്ഷിതിന് ഇപ്പോഴും സ്‌ഥാനമുണ്ടെന്നതിലൂന്നിയായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം.
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സ്‌ഥാനാര്‍ഥികള്‍ മത്സരിച്ച മണ്ഡലങ്ങളിലൊന്നുകൂടിയായിരുന്നു ന്യൂഡല്‍ഹി. 23 പേരാണ് ഭാഗ്യപരീക്ഷണത്തിനിറങ്ങിയത്. ബി.ജെ.പി, ആം ആദ്‌മി പാര്‍ട്ടി, കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥികള്‍ക്കു പിന്നില്‍ നാലാമതെത്തിയതാകട്ടെ നോട്ടയും;314 വോട്ട്.