പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ (90) മുംബെയില്‍ അന്തരിച്ചു . വൃക്കരോഗത്തിന് ചികില്‍സയിലായിരുന്നു. 1976ല്‍ പത്മശ്രീയും 1991ല്‍ പത്മഭൂഷണും 2005ല്‍ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരവും നേടിയിട്ടുണ്ട്. വൈകിട്ട് ആറരയോടെ മരണം സ്ഥിരീകരിച്ചതായി മകൾ പിയ ബെനഗല്‍ അറിയിച്ചു. 2006 മുതല്‍ 2012 വരെ രാജ്യസഭാംഗമായിരുന്നു. ഭാര്യ: നീര ബെനഗല്‍. ഡിസംബർ 14ന് അദ്ദേഹത്തിന്‍റെ 90-ാം ജന്മദിന ആഘോഷം കുടുംബാംഗങ്ങലും സുഹൃത്തുക്കളു ചേര്‍ന്ന് ആഘോഷിച്ചിരുന്നു.
തൊണ്ണൂറുകളിൽ നവതരംഗം സൃഷ്ടിച്ച ശ്യാം ഇന്ത്യൻ സിനിമയ്ക്ക് ശ്രദ്ധേയമായ സംഭാവനകൾ സമ്മാനിച്ച സംവിധായകനാണ് . ബോളിവുഡ് സിനിമയ്ക്ക് നവഭാവുകത്വം നല്‍കിയ സംവിധായകനായിരുന്നു അദ്ദേഹം. അങ്കുർ, നിശാന്ത്, മന്ഥൻ, ഭൂമിക, ജുനൂൻ, മേക്കിങ് ഓഫ് മഹാത്മ തുടങ്ങിയവയാണ് പ്രമുഖ സിനിമകള്‍ . ചികിത്സകൾക്കിടയിലും കർമനിരതനായിരുന്നു. പുതിയ 3 പ്രോജക്ടുകളുടെ തിരക്കിലായിരുന്നു കുറേനാള്‍.
1934 ഡിസംബർ 14-ന് ഹൈദരാബാദിലാണ് ശ്യാം ബെനഗൽ ജനിച്ചത്. കർണാടക സ്വദേശിയായ അദ്ദേഹത്തിന്റെ പിതാവ് ശ്രീധർ ബി. ബെനഗൽ ഒരു ഫോട്ടോഗ്രാഫറായിരുന്നു. ഹൈദരാബാദിലെ ഒസ്മാനിയ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. 1959-ൽ ബോംബെ ആസ്ഥാനമായുള്ള ഒരു പരസ്യ ഏജൻസിയിൽ കോപ്പിറൈറ്റർ ആയിട്ടാണ് ബെനഗലിന്റെ തുടക്കം. 1974-ലാണ് ആദ്യത്തെ ഫീച്ചർ ഫിലിം അങ്കുർ പുറത്തിറങ്ങുന്നത്. അതിനു മുമ്പുതന്നെ അദ്ദേഹം ഒട്ടേറെ ഹ്രസ്വചിത്രങ്ങളും പരസ്യചിത്രങ്ങളും രേഖാചിത്രങ്ങളും നിർമിച്ചിരുന്നു.