പോത്തുണ്ടി: ജാമ്യത്തിലിറങ്ങി നാട്ടിലെത്തിയപ്പോഴും കൊലപാതകം പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ മനസ്സില്‍ ഉണ്ടായിരുന്നതായും മിക്കവരോടും ഇക്കാര്യം പങ്കുവെച്ചിരുന്നതായും റിപ്പോര്‍ട്ട്. പുതിയതായി വാങ്ങിയ വെട്ടുകത്തി കാണിച്ചു കൊടുത്ത ശേഷം ഇനിയും രണ്ടുപേരെ കൊല്ലാനുണ്ടെന്നും ഇതിനായുള്ള സെറ്റപ്പാണെന്ന് പറയുമായിരുന്നെന്നും നാട്ടുകാര്‍.
ചൊവ്വാഴ്ച രാത്രി പത്തരയോടെ പോത്തുണ്ടിക്ക് സമീപം വീടിന്റെ പരിസരത്തുനിന്നുമാണ് ചെന്താമരയെ പോലീസ് പിടികൂടിയത്. ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോള്‍ പോലീസ് പതിയിരുന്ന് പിടികൂടുകയായിരുന്നു. കടുത്ത അന്ധവിശ്വാസിയായിരുന്ന ഇയാള്‍ കൂടോത്രത്തിലും മറ്റും വിശ്വസിച്ചിരുന്നതായും ജ്യോതിഷികളും മന്ത്രവാദികളും മറ്റും പറയുന്ന കാര്യങ്ങളില്‍ വിശ്വസിച്ചിരുന്ന രീതിയും ഉണ്ടായിരുന്നു.
നെല്ലിയാമ്പതി-പൊള്ളാച്ചി റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന സ്വകാര്യബസിലെ ഡ്രൈവറായിരുന്നു ഇയാള്‍. ഇക്കാലത്താണ് നെല്ലിച്ചോടുള്ള യുവതിയുമായി പ്രണയത്തിലായത്. വിവാഹം കഴിച്ചെങ്കിലും ഭാര്യയെ സംശയമുണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. സംശയം കാരണം ഭാര്യ തൊഴിലുറപ്പ് ജോലിക്കുള്‍പ്പെടെ പോകുന്നത് നിര്‍ത്തിച്ചു. ഇതേച്ചൊല്ലി തര്‍ക്കങ്ങള്‍ പതിവായിരുന്നെന്നും സമീപവാസികള്‍ പറയുന്നു. പിന്നീട് ജോലിക്ക് പോകാതെ ചെന്താമര മിക്കസമയവും വീടിന്റെ വാതില്‍ പൂട്ടി അകത്തിരിക്കുക പതിവായിരുന്നു.
പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയേയും മകളേയും മരുമകനെയും ഭാര്യാസഹോദരനെയും അടക്കം ആറു കൊലപാതകങ്ങളായിരുന്നു ഇയാള്‍ പദ്ധതിയിട്ടിരുന്നതെന്നാണ് പോലീസ് പറയുന്നത്. തന്റെ ഭാര്യ അടക്കം അഞ്ചുപേരെ കൊല്ലാനായിരുന്നു പദ്ധതിയെന്നും ഇനിയും മൂന്ന് പേര്‍ ബാക്കിയുണ്ടെന്നും കൂസലില്ലാതെ പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ചെന്താമരയെ തൂക്കിക്കൊല്ലാതെ ഞങ്ങള്‍ക്ക് മനസമാധാനത്തോടെ ജീവിക്കാന്‍ കഴിയില്ലെന്ന് അറസ്റ്റിന് ശേഷം കൊല്ലപ്പെട്ട സുധാകരന്റെ മക്കളുടെ പ്രതികരണം.
2019 ല്‍ ഇയാള്‍ നടത്തിയ ആദ്യ കൊലപാതകത്തിന് പിന്നിലും അന്ധവിശ്വാസമായിരുന്നു. സുധാകരന്റെ ഭാര്യ സജിതയാണ് ഇയാളുടെ കത്തിക്ക് അന്ന് ഇരയായത്. ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാന്‍ കാരണം സുധാകരനും സജിതയുമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം. വീട്ടില്‍ അതിക്രമിച്ച് കയറിയ ചെന്താമര സജിതയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഭാര്യ പിണങ്ങിപ്പോയതിന് കാരണം നീണ്ട മുടിയുള്ള സ്ത്രീയാണെന്ന മന്ത്രവാദിയുടെ വാക്കുകള്‍ വിശ്വസിച്ചാണ് അന്ധവിശ്വാസിയായ ചെന്താമര സജിതയെ കൊലപ്പെടുത്തിയത്.